ഒരു ബോൾ പാഴാക്കിയതിന് ഭരതിനെ പരിഹസിച്ച് ആവേശ് ഖാന്റെ ചിരി ; അവസാന ബോളിൽ സിക്സ് പറത്തി ഭരതിന്റെ മാസ്സ് മറുപടി – വീഡിയോ

അവസാന പന്തുവരെ ആവേശം നിറഞ്ഞ ഡല്‍ഹി-ബാംഗ്ലൂര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. ഏഴുവിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാംഗ്ലൂര്‍ തകര്‍ത്തത്. ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിനെ അവസാന പന്തില്‍ സിക്‌സടിച്ച്‌ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതാണ് ജയത്തിലെത്തിച്ചത്.

78 റണ്‍സെടുത്ത ഭരതും 51 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവര്‍. ഡല്‍ഹിക്കായി ആവേശ് ഖാന്‍ ബോളെറിഞ്ഞു. ആദ്യ പന്തില്‍ മാക്‌സ്‌വെല്‍ ഫോറടിച്ചു. തൊട്ടടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടി. മൂന്നാം പന്ത് ലെഗ് ബൈ ആയി ഒരു റണ്‍സ് ലഭിച്ചു. നാലാം പന്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. ഇതോടെ അവസാന രണ്ട് പന്തില്‍ എട്ടുറണ്‍സായി വിജയലക്ഷ്യം. അഞ്ചാം പന്തില്‍ നേടാനായത് രണ്ട് റണ്‍സ് മാത്രം.

ഇതോടെ അവസാന പന്തില്‍ സിക്‌സടിച്ചാല്‍ മാത്രം ജയം എന്ന അവസ്ഥയിലെത്തി. അവസാന പന്തില്‍ സിക്‌സടിച്ചുകൊണ്ട് ഭരത് ടീമിനെ വിജയതീരത്തെത്തിച്ചു. ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ബാം​ഗ്ലൂര്‍ തിളങ്ങി.
52 പന്തുകളില്‍ നിന്ന് 78 റണ്‍സാണ് ഭരത് നേടിയത്. മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്ബടിയോടെയാണ് ഇന്നിം​ഗ്സ്. 33 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത് മാക്‌സ്‌വെല്‍ പുറത്താവാതെ നിന്നു.

മത്സരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രംഗമായിരുന്നു അവസാന ഓവറിലെ ഭരതിന്റെയും ആവേശ് ഖാന്റെയും ഏറ്റുമുട്ടൽ. നാലാം പന്തിൽ സ്‌ട്രൈക് ലഭിച്ച ഭരത് ബൗണ്ടറിക്കായുള്ള ശ്രമത്തിൽ പരാജയപ്പെടുകയും, ഇതോടെ ഭരതിനെ നോക്കി പരിഹാസത്തോടെ ആവേശ് ഖാൻ ചിരിക്കുകയും ചെയ്തതാണ് സംഭവം. ഈ രംഗങ്ങൾ കമെന്ററി ബോക്സിൽ നിന്ന് കാണുകയായിരുന്ന മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ മത്സരം അവസാനിച്ചിട്ടില്ലെന്നും 2 ബോളുകൾ ബാക്കി ഉണ്ടെന്നും അവസാന ചിരിക്കുള്ള സമയം അല്ലെന്നും യുവതാരത്തെ ഓർമിപ്പിക്കുന്നുണ്ട്. 

ഏതായാലും അവസാന പന്തിൽ വിജയത്തിലേക്കുള്ള സിക്സ് പറത്തി ഭരത് അതിനുള്ള പ്രതികാരം വീട്ടിയിരിക്കുകയാണ്. അതേസമയം വിജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ബാംഗ്ലൂരിന്റെ എതിരാളി. ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.