നിനക്ക് ഫിനിഷ് ചെയ്യാൻ സാധിക്കും, അവസാന ഓവറിനിടെ മാക്സ്വെൽ പറഞ്ഞ കാര്യം വെളിപ്പെടുത്തി ശ്രീകർ ഭരത്
തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആർ സി ബി വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് പുറത്തെടുത്തത്. 52 പന്തിൽ പുറത്താകാതെ 78 റൺസ് ഭരത് മത്സരത്തിൽ നേടിയിരുന്നു. 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവേ തുടക്കത്തിൽ ദേവ്ദത് പടിക്കലിനെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും നഷ്ട്ടപെട്ടുവെങ്കിലും ഭരതിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും മികവിൽ അവസാന പന്തിൽ ആർ സി ബി ആവേശവിജയം നേടുകയായിരുന്നു.

സ്കോർ 55 ൽ നിൽക്കെ ഡിവില്ലിയേഴ്സിനെ നഷ്ട്ടപെട്ട ശേഷം ക്രീസിലെത്തിയ മാക്സ്വെല്ലുമായി ചേർന്ന് നാലാം വിക്കറ്റിൽ 111 റൺസ് ഭരത് നേടിയിരുന്നു. ഭരത് സ്ട്രെക്കിൽ നിൽക്കെ അവസാന പന്തിൽ 6 റൺസായിരുന്നു ആർ സി ബിയ്ക്ക് വേണ്ടിയിരുന്നു. തുടർന്ന് ആവേശ് ഖാൻ വൈഡ് എറിഞ്ഞുവെങ്കിലും മത്സരത്തിൽ വിജയിക്കാൻ ആർ സി ബിയ്ക്ക് സിക്സ് തന്നെ വേണമായിരുന്നു. ആരാധകർ മുൾമുനയിൽ നിൽക്കെ ആവേശ് എറിഞ്ഞ ഫുൾ ടോസ് ലോങ് ഓണിലേക്ക് പറത്തിയ ഭരത് ടീമിനെ ആവേശ വിജയത്തിലെത്തിക്കുകയായിരുന്നു.

തകർപ്പൻ ഫോമിലുള്ള ലോകോത്തര താരം ഗ്ലെൻ മാക്സ്വെല്ലിനെ നോൺ സ്ട്രെക്കറാക്കി നിർത്തിയായിരുന്നു ഭരത് ടീമിനെ വിജയത്തിലെത്തിച്ചത്. എന്നാൽ ഓവറിലെ അവസാന മൂന്ന് പന്തിൽ താൻ ഓടണമോ വേണ്ടയോയെന്ന് ചോദിച്ചപ്പോൾ വേണ്ടയെന്നും നിനക്ക് ഫിനിഷ് ചെയ്യാൻ പറ്റുമെന്ന് മാക്സ്വെൽ പറഞ്ഞെന്നും അത് തനിക്ക് ആത്മവിശ്വാസം നൽകിയെന്നും മത്സരശേഷം ഭരത് പറഞ്ഞു.

” അവസാന ഓവറിൽ ഏതൊക്കെ ഏരിയയിൽ റൺസ് കണ്ടെത്താമെന്നാണ് ഞങ്ങൾ സംസാരിച്ചത്. ബോൾ വാച്ച് ചെയ്തുകൊണ്ട് ബാറ്റിൽ കൊള്ളിച്ചാൽ മാത്രം മതിയെന്ന് മാക്സി പറഞ്ഞു. അതുതന്നെയാണ് ഞങ്ങൾ ചെയ്തതും. അവസാന മൂന്ന് പന്തിൽ, ഓടണമോയെന്ന് ഞാൻ അവനോട് ചോദിച്ചിരുന്നു. എന്നാൽ വേണ്ടയെന്നും നിനക്ക് ഫിനിഷ് ചെയ്യാൻ സാധിക്കുമെന്നുമായിരുന്നു അവന്റെ മറുപടി. അതെനിക്ക് ഒരുപാട് കോൺഫിഡൻസ് നൽകി. അടുത്ത പന്തിൽ മാത്രമായിരുന്നു ഞാൻ ശ്രദ്ധകേന്ദ്രീകരിച്ചത്. ഒരു ടീമെന്ന മികച്ച പ്രകടനം പുറത്തെടുക്കാനും വിജയിക്കാനും ഞങ്ങൾക്ക് സാധിച്ചു. ” ഭരത് പറഞ്ഞു.

സീസണിലെ തന്റെ ആറാം ഫിഫ്റ്റി നേടിയ മാക്സ്വെൽ 33 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഈ സീസണിൽ ആർ സി ബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും മാക്സ്വെല്ലാണ്. മാക്സ്വെൽ ഫിഫ്റ്റി നേടിയ ആറിൽ 6 മത്സരങ്ങളിലും ആർ സി ബി വിജയിക്കുകയും ചെയ്തു.
