Skip to content

മുംബൈ ഇന്ത്യൻസ് പുറത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിൽ

ഐ പി എൽ പതിനാലാം സീസണിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്ത്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 235 റൺസ് നേടിയിയെങ്കിലും പ്ലേയോഫ് യോഗ്യത നേടുവാൻ സൺറൈസേഴ്‌സിനെ 65 റൺസിന് താഴെ പുറത്താക്കണമായിരുന്നു. എന്നാൽ 34 റൺസ് നേടിയ ജേസൺ റോയുടെയും 33 റൺസ് നേടിയ അഭിഷേക് ശർമ്മയുടെയും മികവിൽ ആറാം ഓവറിൽ തന്നെ സൺറൈസേഴ്‌സ് 65 ൽ കൂടുതൽ റൺസ് നേടിയതോടെ മുംബൈ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

( Picture Source : IPL )

മുംബൈ ഇന്ത്യൻസ് പുറത്തായതോടെ ഐ പി എൽ 2021 ൽ പ്ലേയോഫിൽ പ്രവേശിക്കുന്ന നാലാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മാറി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 86 റൺസിന്റെ വമ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിന്റെ സാധ്യതകളെ ഇല്ലാതാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്ലേയോഫിൽ പ്രവേശിക്കാൻ സഹായിച്ചത്.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 32 പന്തിൽ 11 ഫോറും നാല് സിക്സുമുൾപ്പടെ 84 റൺസ് നേടിയ ഇഷാൻ കിഷന്റെയും 40 പന്തിൽ 13 ഫോറും 3 സിക്സുമടക്കം 82 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും മികവിലാണ് വമ്പൻ സ്കോർ നേടിയത്. ഇരുവരും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും മറ്റുള്ള ബാറ്റ്‌സ്മാന്മാർക്ക് മികവ് പുറത്തെടുക്കാൻ സാധിക്കാതിരുന്നതാണ് മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത്.

( Picture Source : IPL )

പവർപ്ലേയിൽ മാത്രം 83 റൺസാണ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടിയത്. 16 പന്തിൽ നിന്നുമാണ് മത്സരത്തിൽ ഇഷാൻ കിഷൻ ഫിഫ്റ്റി നേടിയത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന മുംബൈ ഇന്ത്യൻസ് ബാറ്ററെന്ന നേട്ടം ഇഷാൻ കിഷൻ സ്വന്തമാക്കി.

സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റും റാഷിദ് ഖാൻ, അഭിഷേക് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

( Picture Source : IPL )