Skip to content

എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ2 ഇന്ത്യൻ താരം ആകാശ് ചോപ്ര. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ദയനീയമായി പരാജയപെട്ട് സീസണിൽ നിന്നും റോയൽസ് പുറത്തായതിന് പുറകെയാണ് സഞ്ജുവിനെതിരെ ആകാശ് ചോപ്ര വിമർശനമുന്നയിച്ചത്. DRS ഡിസിഷൻ റിവ്യൂ സിസ്റ്റം എന്നതിന് പകരം ഡോണ്ട് റിവ്യൂ സഞ്ജു എന്നാക്കി മാറ്റണമെന്നും ആകാശ് ചോപ്ര പരിഹസിച്ചു.

( Picture Source : IPL )

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 86 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് 16.1 ഓവറിൽ 85 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. മത്സരത്തിലെ പരാജയത്തോടെ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനക്കാരായി രാജസ്ഥാൻ റോയൽസ് സീസൺ അവസാനിപ്പിച്ചു. 14 മത്സരങ്ങളിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് റോയൽസ് വിജയിച്ചത്. 14 മത്സരങ്ങളിൽ നിന്നും 40.33 ശരാശരിയിൽ 484 റൺസ് നേടി മികച്ച പ്രകടനം സഞ്ജു സാംസൺ കാഴ്ച്ചവെച്ചുവെങ്കിലും സഞ്ജുവിന് പിന്തുണ നൽകാൻ മറ്റൊരു ബാറ്റ്‌സ്മാനും സാധിച്ചില്ല. സീസണിലെ രണ്ടാം പകുതി കളിക്കാതിരുന്ന ജോസ് ബട്ട്ലറാണ് സീസണിൽ സഞ്ജുവിന് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ റോയൽസ് ബാറ്റ്‌സ്മാൻ.

( Picture Source : IPL )

” ഈ സീസണിൽ മാത്രം 25-30 വരെ മാറ്റങ്ങൾ അവർ വരുത്തിയിട്ടുണ്ട്. അവസാന മത്സരത്തിൽ മാത്രം നാലോ അഞ്ചോ മാറ്റങ്ങളുണ്ടായിരുന്നു. ക്യാപ്റ്റനായ സഞ്ജുവിന് പോലും അവർ എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അറിയില്ല. ക്യാപ്റ്റൻസിയിലാകട്ടെ വിശദീകരിക്കാൻ പോലും സാധിക്കാത്ത തീരുമാനങ്ങളാണ് അവൻ എടുത്തത്. ”

( Picture Source : IPL )

” കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ സ്പിന്നർമാരായ ഗ്ലെൻ ഫിലിപ്പ്സിനും രാഹുൽ തിവാട്ടിയക്കും അവൻ ഓരോ ഓവർ വീതമാണ് നൽകിയത്. അതിൽ ഒരു വിക്കറ്റ് ലഭിച്ചുവെങ്കിലും ആ രണ്ടോവറിൽ 28 റൺസ് വഴങ്ങേണ്ടിവന്നു. നന്നായി ബൗൾ ചെയ്തുകൊണ്ടിരുന്ന ശിവം ദുബെയ്ക്കും ജയ്ദേവ് ഉണാഡ്കടിനും അവർ ഓവർ നൽകിയില്ല. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : IPL )

” അവനൊരു റിവ്യൂ എടുത്തിരുന്നു, അത് കണ്ടപ്പോൾ DRS ന്റെ അർത്ഥം ഡോണ്ട് റിവ്യൂ സഞ്ജു എന്നാണെന്ന് എനിക്ക് തോന്നിപോയി. കാരണം സീസണിൽ വിജയകരമായ ഒരു റിവ്യൂ പോലും അവനെടുക്കാൻ സാധിച്ചിട്ടില്ല. അവനൊരു കീപ്പർ-ക്യാപ്റ്റൻ അല്ലെ, ശരിയായ തീരുമാനങ്ങളെടുക്കാൻ അവനാണ് സാധിക്കുക, എന്നാൽ ഇവിടെ കഥമറിച്ചായിരുന്നു. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : IPL )