Skip to content

രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബ്‌ കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ 42 പന്തിൽ 7 ഫോറും 8 സിക്സുമടക്കം 98 റൺസ് നേടിയ കെ എൽ രാഹുൽ ടീമിനെ 6 വിക്കറ്റിന്റെ വിജയത്തിലെത്തിച്ചിരുന്നു. മത്സരത്തിലെ പോലെ സീസണിൽ ഉടനീളം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ പഞ്ചാബ് പ്ലേയോഫിലേക്ക് യോഗ്യത നേടിയേനെയെന്നും ലോകം വാഴ്ത്തുന്ന ബാറ്റർമാരായ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരേക്കാൾ കഴിവുള്ള താരമാണ് കെ എൽ രാഹുലെന്നും മത്സരശേഷം ഗംഭീർ പറഞ്ഞു.

( Picture Source : IPL )

സീസണിൽ 13 മത്സരങ്ങളിൽ നിന്നും 62.60 ശരാശരിയിൽ 6 ഫിഫ്റ്റിയുൾപ്പടെ 626 റൺസ് കെ എൽ രാഹുൽ നേടിയിട്ടുണ്ട്‌. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വിജയിച്ച് പ്ലേയോഫ് പ്രതീക്ഷ നിലനിർത്തിയെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപെട്ടതോടെ ടീം പുറത്താവുകയായിരുന്നു. സീസണിൽ 14 ൽ 6 മത്സരങ്ങളിൽ മാത്രമാണ് പഞ്ചാബ് കിങ്‌സിന് വിജയിക്കാനായത്. ജയിക്കേണ്ട പല മത്സരങ്ങളും അവസാന നിമിഷത്തിൽ കൈവിട്ടതാണ് പഞ്ചാബ്‌ കിങ്സിന് തിരിച്ചടിയായത്.

( Picture Source : IPL )

” ഇതുപോലെ ബാറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ പിന്നെന്തുകൊണ്ടാണ് അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യാതിരിക്കുന്നത്. ഇതുപോലെ ബാറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ രോഹിത് ശർമ്മയേക്കാളും വിരാട് കോഹ്ലിയേക്കാളും കഴിവ്‌ അവനുണ്ട്. ഇന്നത്തെ കെ എൽ രാഹുലിന്റെ പ്രകടനം കണ്ടതുകൊണ്ട് മാത്രമല്ല ഞാനത് പറയുന്നത്. അവനതുണ്ട്, ഇന്ത്യയിൽ മറ്റേത് ബാറ്ററേക്കാൾ ഷോട്ടുകൾ അവന്റെ കൈവശമുണ്ട്. ഇന്നത് അവൻ കാണിക്കുകയായിരുന്നു. ” ഗംഭീർ പറഞ്ഞു.

( Picture Source : IPL )

” നീ കളിക്കൂ, ഇന്ത്യ മാത്രമല്ല ലോകവും നിന്നെ നെഞ്ചിലേറ്റട്ടെ, നിന്റെ കഴിവ് ലോകത്തെ കാണിക്കൂ. ആളുകൾ രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും കുറിച്ച് സംസാരിക്കുകയാണെങ്കിൽ അവർ നിന്നെകുറിച്ചും സംസാരിക്കും. കാരണം ഇന്ത്യയിലെ മറ്റേതൊരാളേക്കാൾ ഷോട്ടുകൾ നിന്റെ കൈവശമുണ്ട്. അവനിതുപോലെ കളിച്ചിരുന്നുവെങ്കിൽ പഞ്ചാബ് ഇതിനോടകം തന്നെ പ്ലേയോഫ് യോഗ്യത നേടിയേനെ. ചിലപ്പോൾ ക്യാപ്റ്റൻസിയിലെ സമ്മർദം കൊണ്ടാകാം. അതെന്താണെന്ന് എനിക്കറിയില്ല, അതിന് ഉത്തരം നൽകേണ്ടത് ടീം മാനേജ്‌മെന്റാണ്. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : IPL )

കെ എൽ രാഹുലിന്റെ തകർപ്പൻ ഫോം ഇന്ത്യൻ ടീമിനെ സംബന്ധിച്ചും പ്രതീക്ഷനൽകുന്നതാണ്. ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ നിർണായക താരമാണ് കെ എൽ രാഹുൽ.

( Picture Source : IPL )