Skip to content

അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മോശം ബാറ്റിങ് പ്രകടനം കാണുമ്പോൾ നിരാശ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സീസണിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് എം എസ് ധോണി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 15 പന്തിൽ 12 റൺസ് മാത്രം നേടിയ ധോണിയെ യുവസ്പിന്നർ രവി ബിഷ്ണോയാണ് പുറത്താക്കിയത്. നേരത്തെ കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ വരുൺ ചക്രവർത്തിയാണ് ധോണിയെ പുറത്താക്കിയത്.

( Picture Source : IPL )

സീസണിൽ 14 മത്സരങ്ങളിൽ നിന്നും 13.71 ശരാശരിയിൽ 96 റൺസ് മാത്രമാണ് എം എസ് ധോണി നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിലും മികവ് പുറത്തെടുക്കാൻ ധോണിയ്ക്ക് സാധിച്ചിരുന്നില്ല. 116.27 സ്‌ട്രൈക്ക് റേറ്റിൽ 14 മത്സരങ്ങളിൽ നിന്നും 200 റൺസ് മാത്രമാണ് കഴിഞ്ഞ സീസണിൽ ധോണി നേടിയത്. പഞ്ചാബിനെതിരായ മത്സരത്തിന് മുൻപായി അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും ധോണിയിൽ നിന്നുണ്ടായില്ല. യെല്ലോ ജേഴ്സിയിൽ നിങ്ങൾക്ക് കാണാനാകുമെന്നും എന്നാൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പുപറയാനാകില്ലയെന്നും ധോണി പറഞ്ഞിരുന്നു.

( Picture Source : IPL )

” അവൻ ഇങ്ങനെ ബാറ്റ് ചെയ്യുന്നത് കാണുന്നതിൽ നിരാശയുണ്ട്. നിങ്ങൾ ഫാസ്റ്റ് ബൗളർമാക്കെതിരെയാണ് പുറത്താകുന്നതെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ധോണിയ്ക്കാകട്ടെ ഗൂഗ്ലി റീഡ് ചെയ്യുവാൻ സാധിക്കുന്നില്ല. അത് തുടരെ തുടരെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് അവൻ ഇത്തരത്തിൽ പുറത്താകുന്നത്, നേരത്തെ വരുൺ ചക്രവർത്തിയുടെ ഗൂഗ്ലിയിലും അവൻ പുറത്തായിരുന്നു. ” ഇർഫാൻ പത്താൻ പറഞ്ഞു.

( Picture Source : IPL )

” ഇതിനുമുൻപ് സ്റ്റമ്പിലേക്ക് വരുന്ന പന്തുകളും അവനെ ബുദ്ധിമുട്ടിച്ചിരുന്നു. കൈകൾ സ്വതന്ത്രമായി ചലിപ്പിക്കാൻ അവന് സാധിക്കുന്നു, അവിടെ കുറെയേറെ പ്രശ്നങ്ങളുണ്ട്. ഇപ്പോഴിതാ ഓഫ്‌ സ്റ്റമ്പിന് വെളിയിൽ നിന്നും വരികയയിരുന്ന പന്തിൽ ഇൻസൈഡ് എഡ്ജ് ചെയ്യുന്നു, ബോട്ടം ഹാൻഡ് കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ടാണ് അത്തരത്തിൽ സംഭവിക്കുന്നത്. ” ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

( Picture Source : IPL )

പ്ലേയോഫ് യോഗ്യത നേടിയ ശേഷം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപെട്ടുകൊണ്ടാണ് ചെന്നൈ പ്ലേയോഫ് പോരാട്ടങ്ങൾക്കായി എത്തുന്നത്. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ ആർ സി ബി 164 റൺസിന് വിജയിച്ചില്ലയെങ്കിൽ ക്വാളിഫയർ കളിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സിന് സാധിക്കും.

( Picture Source : IPL )