ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൺറൈസേഴ്‌സിന്റെ ജമ്മുകാശ്‌മീർ പേസർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ തീപാറുന്ന വേഗതയേറിയ പന്തുകൾ കൊണ്ട് ആർ സി ബി ബാറ്റ്സ്മാന്മാരെ ഉമ്രാൻ മാലിക്ക് ബുദ്ധിമുട്ടിച്ചിരുന്നു. മത്സരത്തിൽ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയും ഉമ്രാൻ മാലിക്ക് സ്വന്തം പേരിൽ കുറിച്ചിരുന്നു.

മത്സരത്തിൽ ദേവ്ദത് പടിക്കലിനെതിരെയെറിഞ്ഞ എട്ടാം ഓവറിലാണ് ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്ത് ഉമ്രാൻ മാലിക്ക് എറിഞ്ഞത്. 152.95 kmph വേഗതയിലാണ് ഓവറിലെ നാലാം പന്ത് ഉമ്രാൻ മാലിക്ക് എറിഞ്ഞത്. 152.75 kmph വേഗതയിൽ പന്തെറിഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ന്യൂസിലാൻഡ് ബൗളർ ലോക്കി ഫെർഗുനെയാണ് ഉമ്രാൻ മാലിക്ക് പിന്നിലാക്കിയത്. മത്സരത്തിൽ നാലോവറിൽ 21 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റും നേടിയിരുന്നു.

” ഈ ടൂർണമെന്റ് (ഐ പി എൽ) എല്ലാ വർഷവും പ്രതിഭകളെ സമ്മാനിക്കാറുണ്ട്. ഒരു ബൗളർ 150 ന് മുകളിൽ വേഗതയിൽ പന്തെറിയുന്നതിൽ സന്തോഷമുണ്ട്. ഇവിടെനിന്നും ഈ താരങ്ങളുടെ പുരോഗതി മനസ്സിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ”

” ഫാസ്റ്റ് ബൗളർമാരുടെ നിര കൂടുതൽ ശക്തിപെട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ശുഭസൂചനയാണ്. കൂടാതെ എവിടെയായാലും ഇതുപോലുള്ള കഴിവുകൾ കാണുകയാണെങ്കിൽ അവർ നിങ്ങളുടെ കണ്ണിൽപെടും. അതുകൊണ്ട് തന്നെ ഐ പി എൽ തലത്തിൽ കാണുന്ന അവരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ” വിരാട് കോഹ്ലി പറഞ്ഞു.

മത്സരത്തിലെ പരാജയത്തോടെ ആദ്യ രണ്ടിൽ ഫിനിഷ് ചെയ്യാനുള്ള ആർ സി ബി യുടെ മോഹങ്ങൾക്ക് ഏറെക്കുറെ അവസാനിച്ചു. നാളെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് 115 റൺസിനെങ്കിലും പരാജയപെടുകയും വെള്ളിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആർ സി ബി അത്ര തന്നെ മാർജിനിൽ വിജയിക്കുകയും ചെയ്താൽ മാത്രമേ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുവാൻ ആർ സി ബിയ്ക്ക് സാധിക്കൂ.
