Skip to content

അവരുമായി സംസാരിച്ചത് ഫോമിൽ തിരിച്ചെത്താൻ സഹായിച്ചു, മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ

തകർപ്പൻ പ്രകടനത്തോടെ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 25 പന്തിൽ ഫിഫ്റ്റി നേടിയ താരം ടീമിനെ 8 വിക്കറ്റിന്റെ നിർണായക വിജയം നേടികൊടുക്കുകയും ചെയ്തിരുന്നു. സീസണിലെ തന്റെ ആദ്യ ഫിഫ്റ്റിയാണ് ഇഷാൻ കിഷൻ റോയൽസിനെതിരെ നേടിയത്.

( Picture Source : IPL )

25 പന്തിൽ നിന്നും 5 ഫോറും മൂന്ന് സിക്സുമുൾപ്പടെ പുറത്താകാതെ 50 റൺസ് നേടിയ ഇഷാൻ കിഷന്റെ മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 91 റൺസിന്റെ വിജയലക്ഷ്യം 8.2 ഓവറിൽ 70 പന്തുകൾ ബാക്കിനിൽക്കെ മുംബൈ ഇന്ത്യൻസ് മറികടന്നിരുന്നു. മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു.

( Picture Source : IPL )

” ഓപ്പണറായി തിരിച്ചെത്തി റൺസ് നേടികൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വലിയ മാർജിനിലുള്ള വിജയം ഉറപ്പുവരുത്താനും ഞങ്ങൾക്ക് സാധിച്ചു. ഈ വിജയം ടീമിന് അനിവാര്യമായിരുന്നു. ”

( Picture Source : IPL )

” ഉയർച്ചയും താഴ്ച്ചയും ഏതൊരു കായികതാരത്തിന്റെയും ജീവിതത്തിന്റെ വലിയ ഭാഗമാണെന്ന് ഞാൻ കരുതുന്നു. ഞാനും അത്ര നിലയിലായിരുന്നില്ല, ടീമിലെ മിക്ക ബാറ്റ്‌സ്മാന്മാർക്കും കഴിഞ്ഞ സീസണിലെ പോലെ റൺസ് നേടുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. മികച്ച സപ്പോർട്ട് സ്റ്റാഫ് ഞങ്ങൾക്കുണ്ട്, ഞങ്ങളുടെ ക്യാപ്റ്റൻ രോഹിത് ശർമ്മയും. കൂടാതെ വിരാട് ഭായുമായും ഹാർദിക് ഭായുമായും സംസാരിച്ചിരുന്നു. എനിക്ക് പിന്തുണ നൽകാൻ എല്ലാവരുമുണ്ടായിരുന്നു. ” ഇഷാൻ കിഷൻ മത്സരശേഷം പറഞ്ഞു.

( Picture Source : IPL )

” ഞാൻ കെ പിയുമായി (പൊള്ളാർഡ്), സംസാരിച്ചിരുന്നു. എല്ലാം ലളിതമായി എടുക്കണമെന്നും ഞാൻ ബാറ്റ് ചെയ്തിരുന്നത് പോലെ ബാറ്റ് ചെയ്യാനും കഴിഞ്ഞ സീസണിലെ വീഡിയോ കാണാനും പൊള്ളാർഡ് ആവശ്യപ്പെട്ടു. പറഞ്ഞതുപോലെ ഞാൻ എന്റെ ബാറ്റിങിന്റെ കുറച്ച് വീഡിയോസ് കണ്ടു. അതെനിക്ക് ആത്മവിശ്വാസം നൽകി. ” ഇഷാൻ കിഷൻ കൂട്ടിച്ചേർത്തു.

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ അംഗം കൂടിയാണ് ഇഷാൻ കിഷൻ. സീസണിലെ ഇഷാൻ കിഷന്റെ മോശം ഫോം ഇന്ത്യൻ ടീമിനെയും ആശങ്കയിലാഴ്ത്തിയിരുന്നു. റോയൽസിനെതിരായ മത്സരത്തോടെ ഇഷാൻ കിഷൻ ഫോമിൽ തിരിച്ചെത്തിയത് മുംബൈ ഇന്ത്യൻസ് ആരാധകർക്കൊപ്പം ഇന്ത്യൻ ടീം ആരാധകർക്കും ആശ്വാസം പകർന്നിരിക്കുകയാണ്.

( Picture Source : IPL )