Skip to content

റൺസ് നേടാൻ ബുദ്ധിമുട്ടിയത് അവൻ മാത്രമല്ല, എം എസ് ധോണിയെ പിന്തുണച്ച് സ്റ്റീഫൻ ഫ്ലെമിങ്

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയെ പിന്തുണച്ച് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ 27 പന്തിൽ നിന്നും 18 റൺസ് മാത്രം നേടിയാണ് എം എസ് ധോണി പുറത്തായത്. ഇതിനുപുറകെ സോഷ്യൽ മീഡിയയിലടക്കം ധോണിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ധോണി മാത്രമല്ല റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതെന്നും പിച്ചിന്റെ സ്വഭാവം അത്തരത്തിലുള്ളതാണെന്നും മത്സരശേഷം ഫ്ലെമിങ് പ്രതികരിച്ചു.

( Picture Source : Twitter / IPL )

മത്സരത്തിൽ 27 പന്തുകൾ നേരിട്ട ധോണിയ്ക്ക് ബൗണ്ടറിയൊന്നും നേടുവാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ 3 വിക്കറ്റിന് വിജയിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

” അവൻ മാത്രമല്ല ബുദ്ധിമുട്ടിയത്. സ്ട്രോക്ക്പ്ലേ ഈ പിച്ചിൽ ദുഷ്കരമായിരുന്നു. വിജയിക്കാൻ 136 റൺസ് ഏറെക്കുറെ മതിയായിരുന്നു. ഈ പിച്ചിൽ വലിയ ഷോട്ടുകൾ കളിക്കുകയെന്നത് ദുഷ്കരമാണ്. അതുകൊണ്ട് തന്നെയാണ് ഇന്നിങ്സിന്റെ അവസാനം രണ്ട് ടീമുകളും ബുദ്ധിമുട്ടിയത്. 10-15 റൺസ് കൂടുതൽ നേടിയിരുന്നുവെങ്കിൽ തീർച്ചയായും മത്സരത്തിൽ വിജയിക്കാൻ സാധിച്ചേനെ. ” ഫ്ലെമിങ് പറഞ്ഞു.

( Picture Source : Twitter / IPL )

പവർപ്ലേയിൽ 48 റൺസ് നേടിയ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. എന്നാൽ മധ്യഓവറുകളിൽ റൺസ് കണ്ടെത്താൻ ചെന്നൈ ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ല. റെയ്നയ്ക്ക് പകരക്കാരനായി എത്തിയ ഉത്തപ്പ 19 റൺസും മൊയിൻ അലി 5 റൺസും നേടി പുറത്തായപ്പോൾ 43 പന്തിൽ പുറത്താകാതെ 55 റൺസ് നേടിയ അമ്പാട്ടി റായുഡു മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / IPL )

” മൂന്ന് ഗ്രൗണ്ടുകളിലെയും സാഹചര്യങ്ങളുമായി ഒത്തിണങ്ങുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 150 റൺസ് നേടുവാൻ ഞങ്ങൾക്ക് അവസരമുണ്ടായിരുന്നു. എന്നാൽ അവസാന അഞ്ചോവറിൽ മികച്ച രീതിയിലാണ് അവർ പന്തെറിഞ്ഞത്. അവർ വളരെ സ്മാർട്ടായിരുന്നു. അവർക്കെതിരായ പോരാട്ടം എളുപ്പമായിരുന്നില്ല. ” ഫ്ലെമിങ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL )

പ്ലേയോഫ് യോഗ്യത നേടിയ ശേഷം ചെന്നൈയുടെ തുടർച്ചയായ രണ്ടാം പരാജയമാണിത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് ഏഴ് വിക്കറ്റിന് ധോണിയും കൂട്ടരും പരാജയപെട്ടിരുന്നു. പഞ്ചാബ് ഒക്ടോബർ ഏഴിന് പഞ്ചാബ്‌ കിങ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ആ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാൻ ചെന്നൈയ്ക്ക് സാധിക്കൂ.

( Picture Source : Twitter / IPL )