Skip to content

ക്യാച്ച് വിട്ടയാളോട് നന്ദിയുണ്ട്, അത് ഔട്ടാകുമെന്നാണ് കരുതിയത്, ഷിമ്രോൺ ഹെറ്റ്മയർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലെ നിർണായക നിമിഷത്തിൽ തന്റെ ക്യാച്ച് വിട്ട കൃഷ്ണപ്പ ഗൗത മിനോട് നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ഷിമ്രോൺ ഹെറ്റ്മയർ. മത്സരത്തിൽ 18 പന്തിൽ പുറത്താകാതെ 28 റൺസ് നേടി മികച്ച പ്രകടനമാണ് ഹെറ്റ്മയർ പുറത്തെടുത്തത്. ബ്രാവോ എറിഞ്ഞ 18 ആം ഓവറിലാണ് മൂന്നാം പന്തിൽ ഹെറ്റ്മയറിനെ പുറത്താക്കാൻ ചെന്നൈയ്ക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും സബ്സ്റ്റിറ്റൂട്ട് ഫീൽഡറായ കൃഷ്ണപ്പ ഗൗതം ക്യാച്ച് പാഴാക്കുകയായിരുന്നു.

( Picture Source : Twitter / IPL )

മത്സരത്തിൽ മൂന്ന് വിക്കറ്റിന് വിജയിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിലാണ് ഡൽഹി മറികടന്നത്. 35 പന്തിൽ 39 റൺസ് നേടിയ ശിഖാർ ധവാനും 18 പന്തിൽ 28 റൺസ് നേടിയ ഹെറ്റ്മയറുമാണ് റൺചേസിൽ ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / IPL )

” അത് ഔട്ടാകുമെന്നാണ് ഞാൻ കരുതിയത്. ആ ക്യാച്ച് വിട്ടയാളോട് എനിക്ക് നന്ദിയുണ്ട്. ബ്രാവോയ്ക്കെതിരെ കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചതിന്റെ എക്സ്പീരിയൻസ് എനിക്കുണ്ട്. ഫീൽഡിന് അനുസരിച്ച് അവൻ വൈഡ് യോർക്കറുകൾ എറിയുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഗ്രൗണ്ടിന് നേരെ കളിക്കാനാണ് ഞാൻ ശ്രമിച്ചത്. രണ്ട് തവണ അത് വിജയിക്കുകയും ചെയ്തു. മത്സരങ്ങൾ ഞാൻ ഫിനിഷ് ചെയ്യേണ്ടത് ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. സഹതാരങ്ങളോട് ഇതാണെന്റെ ജോലിയെന്ന് ഞാൻ പറയാറുണ്ട്. എനിക്കൊണ്ടാകുന്ന മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ഞാൻ ശ്രമിക്കും. ” ഹെറ്റ്മയർ മത്സരശേഷം പറഞ്ഞു.

( Picture Source : Twitter / IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വേണ്ടി 43 പന്തിൽ പുറത്താകാതെ 55 റൺസ് നേടിയ അമ്പാട്ടി റായുഡു മാത്രമാണ് തിളങ്ങിയത്. മത്സരത്തിലെ പരാജയത്തോടെ ചെന്നൈ സൂപ്പർ കിങ്‌സ് രണ്ടാം സ്ഥാനത്തേക്ക് പിന്തളളപെട്ടപ്പോൾ ഡൽഹി ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബർ എട്ടിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സാണ് ഗ്രൂപ്പ് ഘട്ടത്തിലെ ചെന്നൈയുടെ അവസാന എതിരാളി.

( Picture Source : Twitter / IPL )