Skip to content

തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഗയ്ഗ്വാദ് – ഡുപ്ലെസിസ് കോംബോ, ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ഇതാദ്യം

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസും ഋതുരാജ് ഗയ്ഗ്വാദും കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങളിലും ഇരുവരും നൽകിയ തകർപ്പൻ തുടക്കമാണ് സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ പ്ലേയോഫിൽ എത്തിച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 28 റൺസ് മാത്രമാണ് ഓപ്പണിങ് കൂട്ടുകെട്ടിൽ നേടാനായതെങ്കിലും ഇതിനുപുറകെ തകർപ്പൻ നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.

( Picture Source : Twitter / IPL )

ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 47.36 ശരാശരിയിൽ 521 റൺസ് ഋതുരാജ് ഗയ്ഗ്വാദ് നേടിയപ്പോൾ ഫാഫ് ഡുപ്ലെസിസ് 13 മത്സരങ്ങളിൽ നിന്നും 42.73 ശരാശരിയിൽ 470 റൺസ് നേടിയിട്ടുണ്ട്‌. ഓറഞ്ച് ക്യാപിന് വേണ്ടിയുള്ള പോരാട്ടത്തിൽ 528 റൺസ് നേടിയ കെ എൽ രാഹുലിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ഋതുരാജ് ഗയ്ഗ്വാദുള്ളത്. മറുഭാഗത്ത് 480 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പുറകിൽ നാലാം സ്ഥാനത്താണ് ഫാഫ് ഡുപ്ലെസിസ്. 12 മത്സരങ്ങളിൽ നിന്നും 304 റൺസ് നേടിയ മൊയിൻ അലിയാണ് ഇരുവർക്കും ശേഷം ചെന്നൈയ്ക്ക് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത്.

( Picture Source : Twitter / IPL )

ഡൽഹിയ്ക്കെതിരായ മത്സരത്തോടെ ഈ സീസണിൽ ഇരുവരുടെയും കൂട്ടുകെട്ട് 600 റൺസ് പിന്നിട്ടു. ഐ പി എൽ ചരിത്രത്തിൽ ചെന്നൈയ്ക്ക് വേണ്ടി ഒരു സീസണിൽ 600 ലധികം റൺസ് സ്കോർ ചെയ്യുന്ന ആദ്യ ബാറ്റിങ് ജോഡികളായി ഇരുവരും മാറി.

( Picture Source : Twitter / IPL )

2016 ൽ ആർ സി ബിയ്ക്ക് വേണ്ടി 939 റൺസ് നേടിയ വിരാട് കോഹ്ലിയും എ ബി ഡിവില്ലിയേഴ്സുമാണ് ഒരു സീസണിൽ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റിങ് ജോഡികൾ. 2019 ൽ 791 റൺസ് നേടിയ വാർണറും ബെയർസ്റ്റോയുമാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.

( Picture Source : Twitter / IPL )