Skip to content

ഓസ്‌ട്രേലിയക്ക് വേണ്ടി ചെയ്യുന്നതെന്താണോ അത് തുടരാനാണ് ആർ സി ബി ആവശ്യപ്പെട്ടത്, തകർപ്പൻ ഫോമിനെ കുറിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബിനെതിരായ മത്സരത്തിൽ സീസണിലെ തന്റെ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടി ആർ സി ബിയെ വിജയത്തിലെത്തിച്ച മാക്‌സ്‌വെൽ ടീമിനെ പ്ലേയോഫ്‌ യോഗ്യതയും നേടിക്കൊടുത്തു. മത്സരശേഷം കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഈ സീസണിലെ തന്റെ തകർപ്പൻ ഫോമിന് പിന്നിലെ കാരണവും മാക്‌സ്‌വെൽ വെളിപ്പെടുത്തി.

( Picture Source : Twitter / IPL )

സീസണിൽ 12 മത്സരങ്ങളിൽ നിന്നും 40.70 ശരാശരിയിൽ 145 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 407 റൺസ് മാക്‌സ്‌വെൽ നേടികഴിഞ്ഞു. സീസണിൽ ആർ സി ബി യ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ മാക്‌സ്‌വെൽ ഓറഞ്ച് ക്യാപിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിലവിൽ ഏഴാം സ്ഥാനത്താണുള്ളത്. സീസണിൽ 5 ഫിഫ്റ്റിയും താരം നേടികഴിഞ്ഞു. മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് മികവിൽ പഞ്ചാബിനെ 6 റൺസിന് പരാജയപെടുത്തിയ ആർ സി ബി രണ്ട് മത്സരങ്ങൾ കൂടെ ശേഷിക്കെ പ്ലേയോഫ് യോഗ്യതയും നേടികഴിഞ്ഞു.

( Picture Source : Twitter / IPL )

” നാലാം നമ്പറിൽ ബാറ്റ് ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ ഓപ്പണർമാർ മികച്ച തുടക്കമാണ് ഞങ്ങൾക്ക് നൽകിയത്. അതുകൊണ്ട് തന്നെ വിക്കറ്റ് സമയമെടുത്ത് മനസ്സിലാക്കുവാൻ സാധിച്ചു. വളരെയേറെ കാലമായി ഓസ്‌ട്രേലിയക്ക് വേണ്ടിയുള്ള എന്റെ ജോലി ഇതാണ്. അതുകൊണ്ട് തന്നെയാണ് എനിക്കവിടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നതും. ”

” ആർ സി ബിയിലെത്തിയപ്പോൾ ഓസ്‌ട്രേലിയക്ക് വേണ്ടി ഞാൻ ചെയ്യുന്നതെന്താണോ അതുതന്നെ ചെയ്യാനാണ് അവർ ആവശ്യപ്പെട്ടത്. ആർ സി ബി ഡ്രെസ്സിങ് റൂമിലെത്തിയത് ഞാൻ വളരെയധികം ആസ്വദിച്ചു. വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഞാൻ വരുത്തിയിട്ടില്ല. ” മാക്‌സ്‌വെൽ പറഞ്ഞു.

( Picture Source : Twitter / IPL )

കഴിഞ്ഞ സീസണിൽ പഞ്ചാബ് ഫിനിഷറുടെ റോളാണ് മാക്‌സ്‌വെല്ലിനെ ഏൽപ്പിച്ചത്. എന്നാൽ ടീമിന് വേണ്ടി തിളങ്ങാൻ താരത്തിന് സാധിച്ചില്ല. 11 ഇന്നിങ്സിൽ നിന്നും 108 റൺസ് നേടുവാൻ മാത്രം നേടിയ മാക്‌സ്‌വെല്ലിന് സീസണിൽ ഒരു സിക്സ് പോലും നേടുവാൻ സാധിച്ചിരുന്നില്ല. മറുഭാഗത്ത് ഈ സീസണിൽ ഇതിനോടകം 19 സിക്സ് താരം നേടികഴിഞ്ഞു.

( Picture Source : Twitter / IPL )