Skip to content

റാഞ്ചിക്കാരൻ അർജ്ജുനനായപ്പോൾ അയാൾ അവഗണനകളുടെ പ്രതീകമായ കർണ്ണനായി 

Written by : Kripal Bhaskar 

ക്രീസിൽ നിന്നിറങ്ങി വന്ന് ഓഫ്‌ സൈഡിലേക്ക്‌ ഒരു ഷോട്ടിനുള്ള ശ്രമം പിഴക്കുന്നു, പന്ത്‌ കുറ്റി തെറുപ്പിച്ചപ്പോൾ അൽപ്പം നിരാശയോടെ അയാൾ നടന്നു. 

അർഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ടീമിനെ വിജയത്തിനരികെയെത്തിച്ചതിൽ അഭിമാനത്തോടെ തലയുയർത്തി. അയാളുടെ തലയിൽ നിന്ന് പൊഴിയുന്ന വിയർപ്പ്‌ തുള്ളികൾ അയാളുടെ ജഴ്സിയിൽ പറ്റിപ്പിടിച്ച പിച്ചിലെ മണ്ണു മാറ്റാൻ വിഫല ശ്രമം നടത്തി കൊണ്ടിരുന്നു. അയാൾ തലയുയർത്തി ബാറ്റുയർത്തി പവലിയനിലേക്ക്‌ നടക്കുകയായിരുന്നു. അയാൾക്ക്‌ തല താഴ്ത്തി ശീലമുണ്ടായിരുന്നില്ലാ, എന്നും ഉയർന്നേ ആ മുഖം ഉണ്ടാവുകയൊള്ളൂ.

 ഒന്നും വിട്ട്‌ കൊടുത്ത്‌ അയാൾക്ക്‌ ശീലമില്ലാ, കീഴടക്കിയേ ശീലമുണ്ടായിരുന്നൊള്ളൂ.. വലിയ മൽസരങ്ങളുടെ സമർദ്ദം അയാൾക്കെന്നുമൊരു ഹരമായിരുന്നു. 2007 ടി ട്വന്റി ലോകകപ്പ്‌ ഫൈനലിൽ 75 റൺസ്‌ നേടി ഒരിക്കൽ അത്‌ തെളിയിച്ചതാണു. ഈ ഫൈനലിലും അയാൾ തന്നെയാണു രക്ഷകൻ. 

സച്ചിനും സെവാഗും പെട്ടെന്നു മടങ്ങിയപ്പോൾ അയാൾ തുടങ്ങിയതാണു രക്ഷാപ്രവർത്തനം കൂട്ടിനു കിട്ടിയത്‌ മറ്റൊരു ദില്ലിക്കാരൻ ചെറുക്കൻ. അവൻ അയാൾക്ക്‌ ഉറച്ച പിന്തുണ നൽകിയപ്പോൾ ശാന്തമായി പിച്ചറിഞ്ഞു ബോളറെയറിഞ്ഞു ഈ രാജ്യം മുഴുവൻ തങ്ങളിൽ വച്ചിരിക്കുന്ന വിശ്വാസത്തെയറിഞ്ഞു അയാൾ ബാറ്റ്‌ വീശി. ശ്രീലങ്കക്കാർക്ക്‌ അയാളെ ജയിക്കുക എന്നത്‌ അത്ര എളുപ്പമല്ലായിരുന്നില്ലാ. അവരുടെ കൗശലങ്ങൾക്കും പ്രകോപനങ്ങൾക്കും വേഗതക്കും അയാളുടെ നിശ്ചയദാർഡ്യത്തെ തകർക്കാനുള്ള കരുത്തില്ലായിരുന്നു.

 പൊതുവേ അഭിമാനിയായ അയാൾക്ക്‌ സ്വന്തം മണ്ണിൽ കോടിക്കണക്കിനു ആരാധകർക്കുമുന്നിൽ കയ്യെത്തും ദൂരത്തെത്തിയ കപ്പ്‌ കളഞ്ഞു കുളിക്കുക എന്നത്‌ ചിന്തിക്കാൻ പോലും ആകുമായിരുന്നില്ലാ. ഇടക്കു ആ ദില്ലിക്കാരൻ ചെറുക്കൻ തന്റെ വരവറിയിച്ചു മടങ്ങിയപ്പോൾ വന്നത്‌ ഒരു റാഞ്ചിക്കാരൻ. അയാൾ വന്നപാടെ കടന്നാക്രമിച്ചപ്പോൾ ഇയാൾ മറ്റൊരറ്റത്ത്‌ ആവശ്യത്തിനാക്രമിച്ചും പ്രതിരോധിച്ചും ആ റാഞ്ചിക്കാരനു തേരു തെളിയിക്കാനുള്ള വഴി വെട്ടിക്കൊണ്ടിരുന്നു. ഒടുവിൽ വിജയ തീരമെത്തിയെന്ന ബോധമാവാം അയാളേയും കടന്നാക്രമണത്തിനു പ്രേരിപ്പിച്ചത്‌. അങ്ങനെയാണയാൾക്ക്‌ പിഴക്കുന്നതും മടങ്ങേണ്ടി വന്നതും.

ഒടുവിൽ ആ റാഞ്ചിക്കാരൻ കത്തിക്കയറിയപ്പോൾ , അയാൾ നിഴലിലായി. ആ റാഞ്ചിക്കാരൻ അർജ്ജുനനായപ്പോൾ അയാൾ അവഗണനകളുടെ പ്രതീകമായ കർണ്ണനായി. എങ്കിലും ഏതൊരു ക്രിക്കറ്റ്‌ പ്രേമിക്കും ആ പോരാളിയെ , ആ പോരാട്ടത്തെ എളുപ്പത്തിൽ വിസ്മരിക്കാനാവില്ലാ. അയാൾ അന്നു പൊടിഞ്ഞ രക്തത്തിൽ നിന്നു വിരിഞ്ഞതാണാ ലോകകപ്പ്‌ എന്നു ഞാൻ എന്നും വിശ്വസിക്കുന്നു. 

Written by : Kripal Bhaskar 

ഗംഭീറിന്റെ ഏകദിന കരിയർ 

147 മത്സരം 

5238 റൺസ് 

39.68 ശരാശരി 

34 ഫിഫ്റ്റി 11 സെഞ്ചുറി 

ടെസ്റ്റ് കരിയർ 

58 മത്സരം 

4154 റൺസ് 

22 ഫിഫ്റ്റി 9 സെഞ്ചുറി