Skip to content

19 പന്തിൽ നിന്നും ഫിഫ്റ്റി, ജയ്സ്വാൾ സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാൾ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കാഴ്ച്ചവെച്ചത്. 19 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ താരം നൽകിയ തകർപ്പൻ തുടക്കമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് അനായാസ വിജയം സമ്മാനിച്ചത്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡുകളും യുവതാരം സ്വന്തമാക്കി.

( Picture Source : Twitter /IPL )

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിലാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്. റോയൽസിന് വേണ്ടി ജയ്സ്വാൾ 21 പന്തിൽ 50 റൺസും ശിവം ദുബെ 42 പന്തിൽ 64 റൺസും എവിൻ ലൂയിസ് 12 പന്തിൽ 27 റൺസും ക്യാപ്റ്റൻ സഞ്ജു സാംസൺ 28 റൺസും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് സെഞ്ചുറി നേടിയ ഋതുരാജ് ഗയ്ഗ്വാദിന്റെ മികവിലാണ് വമ്പൻ സ്കോർ നേടിയത്. 60 പന്തിൽ 9 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 101 റൺസ് ഗയ്ഗ്വാദ് നേടിയിരുന്നു.

( Picture Source : Twitter /IPL )

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ അൺക്യാപഡ് ബാറ്ററെന്ന റെക്കോർഡ് ജയ്സ്വാൾ സ്വന്തമാക്കി. 2018 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 17 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷനാണ് ഈ നേട്ടത്തിൽ ജയ്സ്വാളിന് മുൻപിലുള്ളത്.

( Picture Source : Twitter /IPL )

കൂടാതെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രാജസ്ഥാൻ റോയൽസ് രണ്ടാമത്തെ ബാറ്ററെന്ന നേട്ടത്തിൽ സഞ്ജു സാംസൺ, ഒവൈസ് ഷാ എന്നിവർക്കൊപ്പം ജയ്സ്വാളെത്തി. 2012 ൽ ആർ സി ബി യ്ക്കെതിരെയാണ് ഇംഗ്ലണ്ട് താരമായിരുന്ന ഷാ റോയൽസിന് വേണ്ടി 19 പന്തിൽ ഫിഫ്റ്റി നേടിയത്. കഴിഞ്ഞ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് സഞ്ജു 19 പന്തിൽ ഫിഫ്റ്റി നേടിയത്. 2018 സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 18 പന്തിൽ ഫിഫ്റ്റി നേടിയ ജോസ് ബട്ട്ലറാണ് ഈ പട്ടികയിൽ തലപ്പത്തുള്ളത്.

( Picture Source : Twitter /IPL )