Skip to content

പന്തെറിയും മുമ്പേ മുട്ടുകുത്തി ജഡേജ, മുസ്തഫിസറിനെ കുഴപ്പിച്ച് ജഡേജയുടെ ഷോട്ട് : വീഡിയോ

ഐപിഎല്ലില്‍ കൂറ്റൻ സ്കോറുകൾ പിറന്ന ത്രില്ലര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നിര്‍ത്താനും രാജസ്ഥാൻ റോയൽസിനായി. മത്സരത്തില്‍ ചെന്നൈ മുന്നോട്ട് വെച്ച 190 റണ്‍സ് എന്ന വിജയലക്ഷ്യം 15 പന്തുകൾ ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. രാജസ്ഥാനായി യശ്വസി ജയ്‌സ്‌വാളും ശിവം ദുബെയും അര്‍ധസെഞ്ചുറികള്‍ നേടി.

മറുപടി ബാറ്റിംഗില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. തലങ്ങും വിലങ്ങും ബൗണ്ടറികളുമായി മൈതാനം കയ്യേറിയ യശ്വസി ജെയ്സ്വാള്‍ എവിന്‍ ലൂയിസ് ഓപ്പണിങ് സഖ്യം 5.2 ഓവറില്‍ നേടിയത് 77 റണ്‍സ്. ലൂയിസ് 12 പന്തില്‍ നേടിയത് 27 റണ്‍സ്.എവിന്‍ ലൂയിസ് മടങ്ങിയതിന് പിന്നാലെ യശ്വസി ജയ്‌സ്വാള്‍ കൂടി മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലാവുമെന്ന് തോന്നിച്ചുവെങ്കിലും ജയ്സ്വാള്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുന്ന ശിവം ദുബെയാണ് പിന്നീട് കാണാനായത്.

സഞ്ജു സാംസണും ശിവം ദുബെയും ചേര്‍ന്ന് 9-ാം ഓവറില്‍ രാജസ്ഥാനെ 100 കടത്തി. 13 ഓവറില്‍ 150 ഉം പിന്നിടാന്‍ രാജസ്ഥനായി. 32 പന്തില്‍ 50 തികച്ച ദുബെ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചതോടെ സഞ്ജു സാംസണ്‍ ആങ്കര്‍ റോളിലേക്ക് മാറുകയായിരുന്നു. 24 പന്തില്‍ 28 റണ്‍സുമായി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പുറത്താവുമ്ബോഴേക്കും രാജസ്ഥാന്‍ വിജയമുറപ്പിച്ചിരുന്നു. ശിവം ദുബെ 42 പന്തില്‍ 64 റണ്‍സെടുത്തു.

ചെന്നൈ ഇന്നിങ്സിൽ ആരാധകർക്ക് കാഴ്ച്ച വിരുന്നൊരുക്കി ജഡേജയും അവസാന ഓവറിൽ കത്തികയറിയിരുന്നു. മുസ്തഫിസറിനെതിരെ തുടർച്ചയായി 3 ബൗണ്ടറികളാണ് നേടിയത്. എന്നാൽ ആരാധകരെ ഇതിൽ രസിപ്പിച്ചത് അവസാന 2 ബൗണ്ടറിയിലെ ജഡേജയുടെ ഷോട്ട് സെലക്ഷനാണ്. സമാന രീതിയിൽ 2 തവണ ഷോട്ട് കളിച്ചപ്പോൾ ആദ്യത്തേത് സിക്സസായി മാറുകയും രണ്ടാമത്തേത് ഫോറിലും കലാശിച്ചു.

https://twitter.com/Insidercricket1/status/1444551914947964933?t=4MAONetHbDxwid0cNYquBw&s=19

അവസാന ഓവറിലെ മുസ്തഫിസറിന്റെ രണ്ടാം പന്ത് മുൻകൂട്ടി മനസ്സിലാക്കിയ ജഡേജ മുട്ടുകുത്തി നിൽക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ ഫുൾ ടോസ് പന്ത് ലഭിച്ച ജഡേജ ഡീപ് സ്ക്വയർ ലെഗിലൂടെ അത് സ്ലോഗ് ചെയ്തു. പന്ത് കൃത്യമായി കണക്ട് ചെയ്തതോടെ മുസ്തഫിസറിന്റെ യോർക്കർ ശ്രമം സിക്സിൽ അവസാനിക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത പന്തിലും ഈ ശ്രമം നടന്നു. ഇത്തവണ ജഡേജ ഫോർ നേടുകയായിരുന്നു.