Skip to content

ഇന്നത്തെ ദിവസം മൊത്തം ‘എയറിൽ’ ആണല്ലോ! ആരാധകരെ അമ്പരപ്പിച്ച് സാം കറന്റെ ഭീമൻ നോ ബോൾ ; പിന്നാലെ ഓടി ഫിലിപ്പ്‌സ്

ഐപിഎൽ പതിനാലാം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ നിര്‍ണായക മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന് രാജസ്ഥാന്‍ ബാറ്റിങ് നിര. ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 190 റണ്‍സ് എന്ന വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

അബുദബിയില്‍ നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ മധ്യനിര താരം ശിവം ദുബെയുടെയും ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് രാജസ്ഥാന് മിന്നുന്ന ജയം ഒരുക്കിയത്. ദുബെ 42 പന്തില്‍ നിന്ന് നാലു വീതം ബൗണ്ടറികളും സിക്‌സറുകളം സഹിതം 64 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജയ്‌സ്വാള്‍ 21 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 50 റണ്‍സാണ് നേടിയത്.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും ജയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ വെറും 5.2 ഓവറില്‍ തന്നെ അവര്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലൂയിസ് 12 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സറുകും ഫോറുകളും സഹിതം 27 റണ്‍സാണ് നേടിയത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാറ്റിങ്ങിനിടെ ചിരി സമ്മാനിച്ച രസക്കാഴ്ചയായിരുന്നു സാം കറന്റെ പതിനേഴാം ഓവറിലെ നോ ബോൾ. ക്രീസിൽ ഉണ്ടായിരുന്ന ഫിലിപ്പ്‌സിനെതിരെ രണ്ടാം പന്ത് എറിയാനായി എത്തിയ സാം കറൻ പിഴക്കുകയായിരുന്നു. കൈയിൽ നിന്ന് പന്ത് വഴുതി വായുവിൽ ഉയരുകയാണ് ചെയ്തത്. എന്നാൽ പന്ത് ചെന്ന് പതിച്ചതാകട്ടെ വിക്കറ്റ് കീപ്പിങ്ങിൽ ഉണ്ടായിരുന്ന ധോണിയുടെ വലത് വശത്ത് ദൂരെയായിട്ട് ആയിരുന്നു.

ഈ കാഴ്ച്ച ആരാധകരെ അമ്പരപ്പിക്കുന്നതിനിടെയാണ് പന്തിന് പിറകെ അടിക്കാനായി ഫിലിപ്പ്സിന്റെ ശ്രമം. ഈ രംഗങ്ങൾ കമെന്റർമാരെയും സഹതാരങ്ങളെയും ഒരു പോലെ ചിരിപ്പിച്ചു.  ഭീമൻ നോ ബോളിൽ അമ്പയർ ഫ്രീ ഹിറ്റ് വിധിക്കുകയും ചെയ്തു. അതേസമയം സമയം ബൗളിങ്ങിൽ സാം കറൻ ഇന്നും ദയനീയ പ്രകടനമായിരുന്നു. ഒരു വിക്കറ്റ് പോലും നേടനാകാതെ ഇംഗ്ലണ്ടിന്റെ യുവ ഓൾ റൗണ്ടർ  4 ഓവറിൽ 55 റൺസാണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിലും 50ന് മുകളിൽ വിട്ടുനൽകിയിരുന്നു.