Skip to content

ഗയ്ഗ്വാദിന്റെ സെഞ്ചുറിയ്ക്ക് ജയ്സ്വാളിലൂടെ മറുപടി നൽകി രാജസ്ഥാൻ, ചെന്നൈയ്ക്കെതിരെ സഞ്ജുവിനും കൂട്ടർക്കും തകർപ്പൻ വിജയം

യുവതാരം ജയ്സ്വാളിന്റെയും ശിവം ദുബെയുടെയും ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഋതുരാജ് ഗയ്ഗ്വാദിന്റെ സെഞ്ചുറി മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു.

( Picture Source : Twitter / IPL )

അർധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വളിന്റെയും ശിവം ദുബെയുടെയും മികവിലാണ് വമ്പൻ വിജയലക്ഷ്യം രാജസ്ഥാൻ റോയാൽസ് അനായാസം മറികടന്നത്. തകർപ്പൻ തുടക്കമാണ് ജയ്സ്വാളും എവിൻ ലൂയിസും റോയൽസിന് നൽകിയത്. ഓപ്പണിങ് കൂട്ടുക്കെട്ടിൽ 5 ഓവറിൽ 77 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. എവിൻ ലൂയിസ് 12 പന്തിൽ 27 റൺസ് നേടി പുറത്തായപ്പോൾ 19 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ജയ്സ്വാൾ 21 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 50 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : Twitter / IPL )

ഇരുവരുടെയും മികവിൽ പവർപ്ലേയിൽ 81 റൺസ് റോയൽസ് നേടി. സീസണിലെ രണ്ടാം പകുതിയിൽ ആദ്യ അവസരം ലഭിച്ച ശിവം ദുബെ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഐ പി എല്ലിലെ തന്റെ ആദ്യ ഫിഫ്റ്റി നേടിയ ദുബെ 42 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്നു. 4 ഫോറും നാല് സിക്സും ശിവം ദുബെ നേടി. 24 പന്തിൽ 28 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ദുബെയ്ക്ക് മികച്ച പിന്തുണ നൽകി.

( Picture Source : Twitter / IPL )

നാലോവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂറും ഒരു വിക്കറ്റ് നേടിയ മലയാളി താരം കെ എം ആസിഫും മാത്രമാണ് ചെന്നൈ ബൗളർമാരിൽ മികവ് പുലർത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് സെഞ്ചുറി നേടിയ ഋതുരാജ് ഗയ്ഗ്വാദിന്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 20 ആം ഓവറിലെ അവസാന പന്തിൽ സിക്സ് പറത്തിയായിരുന്നു ഋതുരാജ് ഗയ്ഗ്വാദ് തന്റെ ആദ്യ ഐ പി എൽ സെഞ്ചുറി നേടിയത്. 60 പന്തിൽ 9 ഫോറും 5 സിക്സും അടങ്ങുന്നതായിരുന്നു യുവതാരത്തിന്റെ പ്രകടനം. 15 പന്തിൽ 4 ഫോറും ഒരു സിക്സുമടക്കം 32 റൺസ് നേടിയ രവീന്ദ്ര ജഡേജയും ചെന്നൈയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. രാജസ്ഥാൻ റോയൽസിന് രാഹുൽ തിവാതിയ മൂന്നും ചേതൻ സക്കറിയ ഒരു വിക്കറ്റും നേടി.

( Picture Source : Twitter / IPL )