Skip to content

ഐ പി എൽ 2021, പ്ലേയോഫ് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ പതിനാലാം സീസണിൽ പ്ലേയോഫ് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്‌സുമായി നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് വിജയിച്ചതോടെയാണ് ഡൽഹി ക്യാപിറ്റൽസ് പ്ലേയോഫ് യോഗ്യത നേടിയത്.

( Picture Source : Twitter / IPL )

11 മത്സരങ്ങളിൽ നിന്നും 16 പോയിന്റ് നേടിയാണ് ഡൽഹി തുടർച്ചയായ മൂന്നാം സീസണിലും പ്ലേയോഫിൽ പ്രവേശിച്ചിരിക്കുന്നത്. പ്ലേയോഫ് പ്രതീക്ഷകൾ വെച്ചുപുലർത്തുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുമായാണ് ഡൽഹിയുടെ അടുത്ത മത്സരം. ചെന്നൈ സൂപ്പർ കിങ്‌സ്, ആർ സി ബി എന്നീ ശക്തരായ ടീമുകളുമായാണ് ഇനി ഡൽഹിയുടെ മത്സരങ്ങൾ. 11 മത്സരങ്ങളിൽ നിന്നും 454 റൺസ് നേടിയ ശിഖാർ ധവാനാണ് ബാറ്റിങിൽ ഡൽഹിയുടെ കൂന്തൽമുന, കഗിസോ റബാഡ, ആന്റിച്ച് നോർക്കിയ, ആവേശ് ഖാൻ എന്നിവരടങ്ങിയ ശക്തമായ പേസ് നിര ഡൽഹിയ്ക്കുണ്ട്.

( Picture Source : Twitter / IPL )

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 5 വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് വിജയിച്ചത്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ പഞ്ചാബ് മറികടന്നു. 55 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും 27 പന്തിൽ 40 റൺസ് നേടിയ മായങ്ക് അഗർവാളിന്റെയും മികവിലാണ് പഞ്ചാബ് വിജയം നേടിയത്. ഷാരൂഖ് ഖാൻ 9 പന്തിൽ പുറത്താകാതെ 22 റൺസ് നേടി.

( Picture Source : Twitter / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. രാഹുൽ തൃപാതി 26 പന്തിൽ 34 റൺസും നിതീഷ് റാണ 18 പന്തിൽ 31 റൺസും നേടി. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിങ് നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും രവി ബിഷ്നോയ്‌ നാലോവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റും നേടി.

( Picture Source : Twitter / IPL )

മത്സരത്തിലെ വിജയത്തോടെ കണക്കുകളിൽ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ പഞ്ചാബിന് സാധിച്ചു. പഞ്ചാബിന്റെ വിജയം കൂടുതൽ സഹായകമായത് മുംബൈ ഇന്ത്യൻസിനാണ് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ വിജയിച്ചാൽ മുംബൈ ഇന്ത്യൻസിന് പ്ലേയോഫ് ഉറപ്പിക്കാൻ സാധിക്കും.

( Picture Source : Twitter / IPL )