സിക്സ് നേടി ഫിനിഷ് ചെയ്ത് ധോണി,പ്ലേയോഫിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്സ്
സൺറൈസേഴ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിൽ പ്ലേയോഫ് യോഗ്യത നേടി ചെന്നൈ സൂപ്പർ കിങ്സ്. ഈ സീസണിൽ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമാണ് ചെന്നൈ. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മറികടന്നു.

മികച്ച തുടക്കമാണ് ഋതുരാജ് ഗയ്ഗ്വാദും ഫാഫ് ഡുപ്ലെസിസും ചെന്നൈയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 75 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഋതുരാജ് ഗയ്ഗ്വാദ് 38 പന്തിൽ 48 റൺസും ഫാഫ് ഡുപ്ലെസിസ് 36 പന്തിൽ 41 റൺസ് നേടി പുറത്തായപ്പോൾ അമ്പാട്ടി റായുഡു 13 പന്തിൽ 17 റൺസും ക്യാപ്റ്റൻ എം എസ് ധോണി 11 പന്തിൽ 14 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡിന്റെയും നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുടെയും മികവിലാണ് സൺറൈസേഴ്സിനെ ചെന്നൈ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടിയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ വിജയിച്ച സൺറൈസേഴ്സിന് ഈ മത്സരത്തിൽ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. രാജസ്ഥാൻ റോയൽസിനെതിരെ ഫിഫ്റ്റി നേടിയ റോയ് വെറും 2 റൺ മാത്രം നേടി പുറത്തായപ്പോൾ സാഹ 46 പന്തിൽ 44 റൺസ് നേടി പുറത്തായി. റാഷിദ് ഖാൻ 13 പന്തിൽ 17 റൺസും അബ്ദുൽ സമദ് 14 പന്തിൽ 18 റൺസും അഭിഷേക് ശർമ്മ 13 പന്തിൽ 18 റൺസും നേടി.

ഒക്ടോബർ രണ്ടിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. ഒക്ടോബർ മൂന്നിന് പ്ലേയോഫ് പ്രതീക്ഷകൾവെച്ചു പുലർത്തുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം.
