റൺ വേണ്ടെന്ന് വെയ്ക്കുന്നതോ നോൺ സ്‌ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകുന്നതോ അല്ല സ്‌പോർട്‌സ്മാൻഷിപ്പ്, വിവാദത്തിൽ പ്രതികരിച്ച്, രവിചന്ദ്രൻ അശ്വിൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലുണ്ടായ വിവാദത്തിൽ വിശദീകരണവുമായി ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിനിടെ കെ കെ ആർ ക്യാപ്റ്റൻ ഓയിൻ മോർഗനും അശ്വിനും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. മത്സരത്തിനിടെ കെ കെ ആർ ഫീൽഡറുടെ ത്രോ റിഷഭ് പന്തിന്റെ ശരീരത്തിൽ തട്ടിതെറിച്ചുപോയതിന് ശേഷവും ഡൽഹി ഓടിയെടുത്ത എക്സ്ട്രാ റണ്ണാണ് തർക്കത്തിന് കാരണമായതെന്ന് മത്സരശേഷം ദിനേശ് കാർത്തിക് വെളിപ്പെടുത്തിയിരുന്നു.

( Picture Source : Twitter / IPL )

മത്സരത്തിൽ കാര്യങ്ങൾ രമ്യപൂർവ്വം അവസാനിച്ചുവെങ്കിലും ക്രിക്കറ്റ് ലോകത്ത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഷെയ്ൻ വോൺ അടക്കമുള്ള താരങ്ങൾ അശ്വിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ അശ്വിൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ തൃപാതി എറിഞ്ഞ ത്രോ റിഷഭ് പന്തിന്റെ ശരീരത്തിൽ തട്ടിയത് താൻ കണ്ടില്ലയെന്നും ഇനി കണ്ടെങ്കിൽ തന്നെയും ഞാൻ ഓടി റൺ നേടിയേനെയെന്നും അശ്വിൻ പറഞ്ഞു.

( Picture Source : Twitter / IPL )

“1. ഫീൽഡറുടെ ത്രോ ഞാൻ കണ്ടിരുന്നു, എന്നാലത് റിഷഭ് പന്തിന്റെ ദേഹത്ത് തട്ടിയത് ഞാൻ കണ്ടിരുന്നില്ല. 2.ഇനി കണ്ടിരുന്നാലും ഞാൻ ഓടുമായിരുന്നോ ? തീർച്ചയായും ഞാനത് ചെയ്യും കാരണം എനിക്കതിന് അനുവാദമുണ്ട്. 3. മോർഗൻ പറഞ്ഞതുപോലെ ഞാൻ ക്രിക്കറ്റിന് മാനക്കേടാണോ ? തീർച്ചയായും അല്ല ”

( Picture Source : Twitter / IPL )

” 4. ഞാൻ അവരുമായി ഫൈറ്റ് ചെയ്തോ ? ഇല്ല ഞാൻ എനിക്കുവേണ്ടി നിലകൊണ്ടു, എന്റെ രക്ഷിതാക്കളും അധ്യാപകരും അതാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. നിങ്ങളുടെ കുട്ടികളെയും അവർക്ക് വേണ്ടി സംസാരിക്കാൻ പഠിപ്പിക്കുക. മോർഗനും അല്ലെങ്കിൽ സൗത്തീയ്ക്കും അവർക്ക് ശരിയെന്നോ തെറ്റെന്നോ വിശ്വസിക്കുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കാൻ അനുവാദമുണ്ട്. എന്നാൽ മറ്റുള്ളവരുടെ ശരിയും തെറ്റും നിർവചിക്കാനോ അവർക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കാനോ അവർക്ക് അനുവാദമില്ല. ” അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

( Picture Source : Twitter / IPL )

” ക്രിക്കറ്റ് അവരുടെ കരിയറാക്കുവാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. മോശം ത്രോയിലൂടെ ലഭിക്കുന്ന എക്സ്ട്രാ റൺ നിങ്ങളുടെ കരിയർ ഉയർത്തുവാനും നോൺ സ്‌ട്രൈക്കർ കൈവശപെടുത്തുന്ന എക്സ്ട്രാ യാർഡിന് നിങ്ങളുടെ കരിയർ തകർക്കാനും കഴിയും. റൺസ് വേണ്ടെന്ന് വെച്ചതുകൊണ്ടോ നോൺ സ്‌ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകിയത് കൊണ്ടോ നിങ്ങൾ നല്ല വ്യക്തിയാകില്ല. നിങ്ങളുടെ ഹൃദയവും ആത്മാവും കളിക്കത്തിന് നൽകുകയും മത്സരത്തിലെ നിയമപ്രകാരം കളിക്കുകയും ചെയ്യുക അത് മാത്രമാണ് സ്പിരിറ്റ് ഓഫ് ദി ഗെയിം ” അശ്വിൻ പറഞ്ഞു.

( Picture Source : Twitter / IPL )