Skip to content

ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ആർ സി ബിയ്ക്കെതിരായ ഇന്ത്യൻ താരം ഹർഷൽ പട്ടേൽ കാഴ്ച്ചവെയ്ക്കുന്നത്. സീസണിൽ ഹാട്രിക് അടക്കം 11 മത്സരങ്ങളിൽ 26 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെയും തകർപ്പൻ പ്രകടനമാണ് ഹർഷൽ പട്ടേൽ കാഴ്ച്ചവെയ്ക്കുന്നത്. സീസണിൽ ഇനിയും മൂന്ന് മത്സരങ്ങളും പ്ലേയോഫ് മത്സരങ്ങൾ ശേഷിക്കുമ്പോൾ ഐ പി എൽ ചരിത്രത്തിലെ വമ്പൻ റെക്കോർഡാണ് ഈ താരത്തെ കാത്തിരിക്കുന്നത്.

( Picture Source : Twitter / IPL )

രാജസ്ഥാനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേൽ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ആർ സി ബി ബൗളറെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. കൂടാതെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന അൺക്യാപഡ് താരമെന്ന റെക്കോർഡും ഹർഷൽ പട്ടേൽ സ്വന്തമാക്കി. 2015 ൽ ആർ സി ബിയ്ക്ക് വേണ്ടിതന്നെ 23 വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചഹാലിനെയാണ് ഈ നേട്ടത്തിൽ പട്ടേൽ പിന്നിലാക്കിയത്.

( Picture Source : Twitter / IPL )

സീസണിൽ ഇനി 7 വിക്കറ്റുകൾ കൂടെ നേടിയാൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം ഹർഷൽ പട്ടേലിന് സ്വന്തമാക്കാം. നിലവിൽ 2013 ൽ 32 വിക്കറ്റ് നേടിയ ഡ്വെയ്ൻ ബ്രാവോയുടെ പേരിലാണ് ഈ റെക്കോർഡുള്ളത്. 2020 ൽ 30 വിക്കറ്റ് നേടിയ കഗിസോ റബാഡ, 2011 ൽ 28 വിക്കറ്റ് നേടിയ ലസിത് മലിംഗ, 2013 ൽ 28 വിക്കറ്റ് നേടിയ ജെയിംസ് ഫോക്നർ, കഴിഞ്ഞ സീസണിൽ 27 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരാണ് ഈ നേട്ടത്തിൽ ഹർഷൽ പട്ടേലിന് മുൻപിലുള്ളത്.

( Picture Source : Twitter / IPL )

കൂടാതെ രണ്ട് വിക്കറ്റുകൾ കൂടെ നേടുവാൻ സാധിച്ചാൽ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടത്തിൽ മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രീത് ബുംറയെ ഹർഷൽ പട്ടേലിന് പിന്നിലാക്കാം.

( Picture Source : Twitter / IPL )