Skip to content

തകർത്തടിച്ച് മാക്‌സ്‌വെൽ, റോയൽസിന്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, ആർ സി ബി യ്ക്ക് തകർപ്പൻ വിജയം

ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ തകർപ്പൻ അർധസെഞ്ചുറി മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ ആർ സി ബിയ്ക്ക് 7 വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ റോയൽസ് ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിലാണ് ആർ സി ബി മറികടന്നത്. വിജയത്തോടെ ആർ സി ബി പ്ലേയോഫ് ഏറെക്കുറെ ഉറപ്പാക്കിയപ്പോൾ സഞ്ജുവിന്റെ റോയൽസിന്റെ പ്രതീക്ഷകൾ അസ്തമിച്ചുതുടങ്ങി.

( Picture Source : Twitter / IPL )

30 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 50 റൺസ് നേടി പുറത്താകാതെ നിന്ന ഗ്ലെൻ മാക്‌സ്‌വെല്ലും 35 പന്തിൽ 44 റൺസ് നേടിയ ശ്രീകർ ഭരതുമാണ് ആർ സി ബി യ്ക്ക് വിജയം സമ്മാനിച്ചത്. വിരാട് കോഹ്ലി 20 പന്തിൽ 25 റൺസും ദേവ്ദത് പടിക്കൽ 22 റൺസും നേടി പുറത്തായി. മുന്നോവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മുസ്‌താഫിസുർ റഹ്മാൻ മാത്രമാണ് റോയൽസിന് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയൽസിന് വേണ്ടി ഓപ്പണിങ് കൂട്ടുകെട്ടിൽ 77 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ജയ്സ്വാളും എവിൻ ലൂയിസും മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലാക്കുവാൻ മറ്റുള്ള ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ല. എവിൻ ലൂയിസ് 37 പന്തിൽ 58 റൺസും ജയ്സ്വാൾ 31 റൺസും നേടി പുറത്തായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ 19 റൺസ് നേടി പുറത്തായി. ഇവർക്ക് ശേഷം 11 പന്തിൽ 14 റൺസ് നേടിയ മോറിസ് മാത്രമാണ് രണ്ടക്കം കടന്നത്.

( Picture Source : Twitter / IPL )

ആർ സി ബി യ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും യുസ്വേന്ദ്ര ചഹാൽ, ഷഹ്ബാസ് അഹ്മദ്ദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. സീസണിലെ ഏഴാം വിജയമാണ് കോഹ്ലിയും കൂട്ടരും നേടിയത്. ഒക്ടോബർ മൂന്നിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ആർ സി ബി യുടെ അടുത്ത മത്സരം. ഒക്ടോബർ രണ്ടിന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈയുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

( Picture Source : Twitter / IPL )