Skip to content

അശ്വിനും മോർഗനും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിനേശ് കാർത്തിക്

ഷാർജയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടെ കെ കെ ആർ ക്യാപ്റ്റൻ ഓയിൻ മോർഗനും രസിച്ചു8 അശ്വിനും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. മത്സരത്തിൽ ഡൽഹിയുടെ ഇന്നിങ്സിനിടെയാണ് അശ്വിനും മോർഗൻ അടക്കമുള്ള കെ കെ ആർ താരങ്ങളുമായി തർക്കമുണ്ടായത്. തക്കസമയത്ത് ഇടപെട്ട ദിനേശ് കാർത്തിക്കായിരുന്നു കാര്യങ്ങൾ കൂടുതൽ വഷളാകാതെ പരിഹരിച്ചത്. മത്സരശേഷം തർക്കത്തിന് ആസ്പദമായ കാരണം ദിനേശ് കാർത്തിക് വിവരിക്കുകയും ചെയ്തു.

( Picture Source : Twitter / IPL )

തർക്കത്തിന് ശേഷം കൊൽക്കത്തയുടെ ബാറ്റിങിനിടെ മോർഗന്റെ വിക്കറ്റ് അശ്വിൻ നേടിയിരുന്നു. നാലോവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം അശ്വിൻ പുറത്തെടുത്തുവെങ്കിലും മത്സരത്തിൽ വിജയിക്കാൻ ഡൽഹിയ്ക്ക് സാധിച്ചില്ല. മൂന്ന് വിക്കറ്റിനാണ് മത്സരത്തിൽ കെ കെ ആർ വിജയിച്ചത്. ഡൽഹി ഉയർത്തിയ 128 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിലാണ് കൊൽക്കത്ത മറികടന്നത്.

( Picture Source : IPL )

” തർക്കത്തിന് പിന്നിലെ കാരണം എനിക്കറിയാം. രാഹുൽ തൃപാതി ബോൾ ത്രോ ചെയ്തു. അത് റിഷഭ് പന്തിന്റെ ശരീരത്തിൽ തട്ടി തെറിച്ചുപോവുകയും തുടർന്ന് അശ്വിൻ റണ്ണിനായി കോൾ ചെയ്യുകയും അവൻ ഓടുകയും ചെയ്തു. അത് മോർഗൻ അംഗീകരിക്കുമെന്ന് ഞാൻ കരുതുന്നില്ല. റണ്ണിങിനിടെ ബോൾ ബാറ്റ്‌സ്മാന്റെ പാഡിലോ ബാറ്റിലോ തട്ടിയാൽ അവർ വീണ്ടും റണ്ണിനായി ഓടുകയില്ലെന്നാണ് അവൻ പ്രതീക്ഷിക്കുന്നത്. ”

( Picture Source : IPL )

” ഇത് വളരെ രസകരമായ ചർച്ചാവിഷയമാണ്. എനിക്കതിൽ എന്റേതായ അഭിപ്രായമുണ്ട്. എന്നാലത് ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇരുവരും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ” ദിനേശ് കാർത്തിക് പറഞ്ഞു.

മത്സരത്തിലെ വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചു. സീസണിലെ അഞ്ചാം വിജയമാണ് ടീം ഷാർജയിൽ നേടിയത്. ഇന്ത്യയിൽ വെച്ചുനടന്ന ആദ്യ പകുതിയിൽ 2 മത്സരങ്ങളിൽ മാത്രം വിജയിച്ച രണ്ടാം പകുതിയിൽ നാലിൽ മൂന്നിലും വിജയം നേടി. ചെന്നൈയ്ക്കെതിരായ മത്സരത്തിലാകട്ടെ അവസാന പന്തിലാണ് ടീം പരാജയപെട്ടത്.

( Picture Source : IPL )