ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

രാജസ്ഥാൻ റോയൽസിന്റെ യുവ ഇന്ത്യൻ താരം റിയാൻ പരാഗിനെ വിമർശിച്ച് മുൻ താരങ്ങളായ ആകാശ് ചോപ്രയും ഡെയ്ൽ സ്റ്റെയ്നും. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിവം ദുബെ അടക്കമുള്ളവർക്ക് അവസരം നൽകാതെ റിയാൻ പരാഗിന് എല്ലാ മത്സരങ്ങളിൽ അവസരം നൽകുന്ന ടീമിന്റെ തീരുമാനമാണ് ഇരുവരെയും ചൊടിപ്പിച്ചത്. ടീമിന് വേണ്ടി ഒന്നും തന്നെ ചെയ്യാൻ പരാഗിന് സാധിച്ചിട്ടില്ലയെന്നും പിന്നെന്തിനാണ് വീണ്ടും അവസരങ്ങൾ നൽകുന്നതെന്ന് മനസ്സിലാകുന്നില്ലയെന്നും സ്റ്റെയ്ൻ പറഞ്ഞു.

( Picture Source : Twitter / IPL )

ഈ സീസണിൽ 10 മത്സരങ്ങളിലും കളിച്ച പരാഗ് 12 മുകളിൽ ശരാശരിയോടെ 84 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ബൗളറെന്ന നിലയിൽ ഒരേയൊരു വിക്കറ്റ് മാത്രം നേടുവാനാണ് പരാഗിന് സാധിച്ചിട്ടുള്ളത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒറ്റയാൾ പോരാട്ടം നടത്തുമ്പോൾ മതിയായ പിന്തുണ നൽകാൻ റിയാൻ പരാഗിനോ മറ്റുള്ള മധ്യനിര ബാറ്റ്‌സ്മാന്മാർക്കോ സാധിച്ചിട്ടില്ല.

” അവർ എന്തുകൊണ്ടാണ് ശിവം ദുബെയെ കളിപ്പിക്കാത്തത്. റിയാൻ പരാഗ് ഒന്നും തന്നെ ടീമിന് വേണ്ടി ചെയ്തിട്ടില്ല. അതിനൊപ്പം തന്നെ വളരെ അവന്റെ ബൗളിങ് ആക്ഷൻ വളരെ വിചിത്രമാണ്. എന്തുകൊണ്ട് ശിവം ദുബെ കളിക്കുന്നില്ല. അവന് ബാറ്റ് ചെയ്യുവാൻ കഴിയും അവൻ ഇന്ത്യയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 4.5 കോടിയ്ക്കാണ് നിങ്ങൾ അവനെ വാങ്ങിയത്. ” ആകാശ് ചോപ്ര പറഞ്ഞു.

” റിയാൻ പരാഗ് ടീമിന് വേണ്ടി അധികമൊന്നും തന്നെ ചെയ്തിട്ടില്ല. അവന്റെ ചില ഫാൻസി സെലിബ്രേഷൻ ഒഴിച്ചാൽ മറ്റൊന്നും തന്നെ ഞാൻ ഓർക്കുന്നില്ല. കുമാർ സംഗക്കാര ഇതുവരെ ഈ യുവതാരം പുറത്തെടുത്തിട്ടില്ലാത്ത മറ്റെന്തോ കണ്ടെത്തിയെന്ന് കരുതുന്നു. ഞാൻ കുമാർ സംഗക്കാരയെ വിശ്വാസമാണ്. അദ്ദേഹത്തിന് പരാഗിൽ പ്രതീക്ഷയുണ്ടെങ്കിൽ എനിക്ക് മറിച്ചൊന്നും പറയാനാകില്ല. എന്നാൽ ശിവം ദുബെ മികച്ച കളിക്കാരനാണ് അവൻ ബെഞ്ചിലിരിരിക്കുന്നത് അംഗീകരിക്കാനാകില്ല. ” ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു.

സീസണിൽ 10 മത്സരങ്ങളിൽ നിന്നും നാല് വിജയം നേടിയ രാജസ്ഥാൻ പോയിന്റ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് രണ്ട് മത്സരങ്ങളിലും തിളങ്ങിയത്. സെപ്റ്റംബർ 29 ന് ആർ സി ബിയ്ക്കെതിരെയാണ് റോയൽസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / IPL )