രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി സൺറൈസേഴ്‌സ് ഹൈദരാബാദ്. നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് പരാജയപെടുത്തിയ സൺറൈസേഴ്‌സ് സീസണിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി. മത്സരത്തിൽ സഞ്ജുവിന്റെ മികവിൽ റോയൽസ് ഉയർത്തിയ വിജയലക്ഷ്യം 18.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിലാണ് സൺറൈസേഴ്‌സ് മറികടന്നത്.

സൺറൈസേഴ്‌സിന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തിൽ തിളങ്ങിയ ഓപ്പണർ ജേസൺ റോയും ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസനുമാണ് ടീമിന് ആശ്വാസവിജയം സമ്മാനിച്ചത്. റോയ് 42 പന്തിൽ 8 ഫോറും ഒരു സിക്സുമടക്കം 60 റൺസ് നേടി പുറത്തായപ്പോൾ കെയ്ൻ വില്യംസൺ 41 പന്തിൽ 41 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. ഐ പി എല്ലിലെ തൻ്റെ പതിനഞ്ചാം ഫിഫ്റ്റി നേടിയ സഞ്ജു 57 പന്തിൽ 7 ഫോറും മൂന്ന് സിക്സുമടക്കം 82 റൺസ് നേടിയാണ് പുറത്തായത്. 23 പന്തിൽ 36 റൺസ് നേടിയ യുവതാരം ജയ്സ്വാൾ സഞ്ജുവിന് മികച്ച പിന്തുണ നൽകി.

മത്സരത്തിലെ പ്രകടനത്തോടെ ശിഖാർ ധവാനെ പിന്നിലാക്കി ഓറഞ്ച് ക്യാപ് സ്വന്തമാക്കുവാനും സഞ്ജുവിന് സാധിച്ചു. കൂടാതെ ഐ പി എല്ലിൽ 3000 റൺസെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു.
മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കുവാൻ റോയൽസിന് സാധിക്കുമായിരുന്നു. പോയിന്റ് ടേബിളിൽ നിലവിൽ 10 മത്സരങ്ങളിൽ നിന്നും നാല് വിജയത്തോടെ ആറാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരുമുള്ളത്. റോയൽസിനെ കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കും 10 മത്സരങ്ങളിൽ നിന്നും 8 പോയിന്റാണുള്ളത്. ശേഷിക്കുന്ന നാലിൽ നാലിലും വിജയിച്ചാൽ മാത്രമേ പ്ലേയോഫിൽ പ്രവേശിക്കുവാൻ ഈ ടീമുകൾക്ക് സാധിക്കൂ.
