Skip to content

ഇങ്ങേരെ പോലെ മറ്റാരുമുണ്ടാകില്ല, തനിക്ക് പകരക്കാരനായെത്തി തിളങ്ങിയ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

തനിക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ ഇടംനേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണർക്ക് പകരക്കാരനായി സൺറൈസേഴ്‌സ് പ്ലേയിങ് ഇലവനിലെത്തിയ റോയ് അർധസെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപെടുത്തി. സീസണിലെ സൺറൈസേഴ്‌സിന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്.

( Picture Source : Twitter / BCCI )

42 പന്തിൽ 8 ഫോറും ഒരു സിക്സുമടക്കം 60 റൺസ് നേടിയാണ് സൺറൈസേഴ്സിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ ജേസൺ റോയ് പുറത്തായത്. ഓപ്പണിങ് കൂട്ടുക്കെട്ടിൽ വൃദ്ധിമാൻ സാഹയ്ക്കൊപ്പം 57 റൺസ് റൺസ് റോയ് കൂട്ടിച്ചേർത്തിരുന്നു. മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കപെട്ട ഡേവിഡ് വാർണർ ടീമിനൊപ്പവും ഉണ്ടായിരുന്നില്ല. മത്സരത്തിൽ റോയ് ഫിഫ്റ്റി കുറിച്ച ശേഷം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വാർണർ ജേസൺ റോയിയെ അഭിനന്ദിച്ചത്.

സൺറൈസേഴ്സിന് വേണ്ടി കളിച്ച എല്ലാ സീസണിലും 500 ലധികം റൺസ് നേടിയ വാർണർ ഈ സീസണിൽ മാത്രമാണ് നിറംമങ്ങിയത്. ഈ സീസണിൽ 8 മത്സരങ്ങളിൽ 24.37 ശരാശരിയിൽ 195 റൺസ് നേടുവാൻ മാത്രമാണ് വാർണർക്ക് സാധിച്ചത്. കൂടാതെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വാർണറെ ടീം മാനേജ്‌മെന്റ് ഒഴിവാക്കിയിരുന്നു. 2016 ൽ 17 മത്സരങ്ങളിൽ നിന്നും 60.57 ശരാശരിയിൽ 848 റൺസ് നേടിയ വാർണറാണ് ടീമിന് ആദ്യ ഐ പി എൽ കിരീടം നേടികൊടുത്തത്.

അടുത്ത സീസണിന് മുൻപായി മെഗാലേലം നടക്കുന്നതിനാൽ ഇനി സൺറൈസേഴ്‌സിന് വേണ്ടി വാർണർ കളിച്ചേക്കില്ല. പുതിയ രണ്ട് ടീമുകൾ കൂടെ എത്തുന്നതിനാൽ ക്യാപ്റ്റനായി തന്നെ വാർണർ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

( Picture Source : Twitter / BCCI )