Skip to content

തകർപ്പൻ ഫിഫ്റ്റി, ധവാനെ പിന്നിലാക്കി ഐ പി എൽ 2021 ലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ഐ പി എല്ലിലെ തന്റെ പതിനഞ്ചാം ഫിഫ്റ്റി കുറിച്ച സഞ്ജു ഈ പ്രകടനത്തോടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായി മാറി.

( Picture Source : Twitter / BCCI )

57 പന്തിൽ 7 ഫോറും മൂന്ന് സിക്സുമടക്കം 82 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. ഇതോടെ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാർ ധവാനെ പിന്നിലാക്കി ഓറഞ്ച് ക്യാപ് സഞ്ജു സ്വന്തമാക്കി. മത്സരത്തിലെ പ്രകടനമടക്കം ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നും 54.12 ശരാശരിയിൽ 140 മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 433 റൺസ് സഞ്ജു നേടിയിട്ടുണ്ട്‌. 10 മത്സരങ്ങളിൽ നിന്നും 430 റൺസ് നേടിയ ശിഖാർ ധവാനും 9 മത്സരങ്ങളിൽ നിന്നും 401 റൺസ് നേടിയ കെ എൽ രാഹുലുമാണ് സഞ്ജുവിന് പുറകിലുള്ളത്.

( Picture Source : Twitter / BCCI )

സഞ്ജുവിന്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 53 പന്തിൽ 70 റൺസ് സഞ്ജു നേടിയിരുന്നു.

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ 3000 റൺസും സഞ്ജു പൂർത്തിയാക്കി. ഐ പി എല്ലിൽ 3000 റൺസ് നേടുന്ന പത്തൊമ്പതാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. 117 മത്സരങ്ങളിൽ നിന്നും 29.87 ശരാശരിയിൽ 134.86 സ്‌ട്രൈക്ക് റേറ്റിൽ 15 ഫിഫ്റ്റിയും മൂന്ന് സെഞ്ചുറിയുമടക്കമാണ് സഞ്ജു 3000 റൺസ് പൂർത്തിയാക്കിയിരിക്കുന്നത്.

( Picture Source : Twitter / BCCI )

ഐ പി എല്ലിൽ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റിൽ 3000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസൺ. യൂസഫ് പത്താൻ (142.9), സുരേഷ് റെയ്‌ന (136.9), എം എസ് ധോണി (136.3), കെ എൽ രാഹുൽ (135.7) എന്നിവർ മാത്രമാണ് സഞ്ജുവിനേക്കാൾ ഉയർന്ന സ്‌ട്രൈക്ക് റേറ്റിൽ ഐ പി എല്ലിൽ 3000 റൺസ് നേടിയിട്ടുള്ളത്.

( Picture Source : Twitter / BCCI )