Skip to content

നമുക്കൊരു സെവാഗ് ഉണ്ടായിരുന്നു ഒരേയൊരു സെവാഗ്

Ninety Nine? 

One Ninety Nine? Or Two Ninety Nine?

Who cares? See the Ball… Hit the Ball…!!!

Written by : Vimal Nath VG

ഇതിലും നന്നായി വീരേന്ദർ സേവാഗിനെ വർണ്ണിച്ചുതരിക പ്രയാസമാണ്.

കാഴ്ചയിൽ പൂരത്തിന്റെ വെടിക്കെട്ടിനു നജഫ്‌ഗഡിന്റെ നവാബ് തിരികൊളുത്തുന്നത് 2001 ലും. വേദി, ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര.സച്ചിനില്ലാത്ത ദിവസം സൗരവ് ഗാംഗുലിയുമായി ചേർന്ന് ക്രീസിലേക്കു നടന്നടുക്കുന്ന ചെറുപ്പക്കാരനെക്കണ്ട് ഇയ്യാളെന്താടെ സച്ചിൻ ടെണ്ടുൽക്കറുടെ കാർബൺ കോപ്പിയോ എന്നു സംശയിച്ചിരുന്നു.

രൂപത്തിലും ഭാവത്തിലുമെല്ലാം സച്ചിൻ രണ്ടാമൻ..!
ഇടയ്ക്കൊക്കെ ചില വെടിക്കെട്ടുകൾ നടക്കുമെങ്കിലും 10 ഓവറിൽ 40 റൺസും 260 നു മുകളിലുള്ള ടോട്ടലുമൊക്കെ ഇറ്റ്സ് എനഫ്‌ എന്നു കരുതിയിരുന്നൊരു കാലം. 

അവിടെയാണ് സെവാഗ് ഒരു പുതിയ ശൈലി ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഇമ്പ്ലിമെന്റ് ചെയ്യുന്നത്.നമ്മുടെ പതിവ് ബാറ്റിങ് സങ്കൽപ്പങ്ങളെ മുഴുവൻ ബൗണ്ടറി ലൈനിനപ്പുറത്തേക്കു പറത്തികൊണ്ട് അയ്യാൾ തുടങ്ങി…

ആർത്തലച്ചുവന്ന ഡാരൽ ടഫിയുടെ ഓരോവർ തുടരെ തുടരെ നാലു തവണ ഫോറിനും അടുത്തപന്തു സിക്സറിനും ശിക്ഷിക്കപ്പെട്ട കാഴ്ചകണ്ടു സ്റ്റേഡിയം ഇളകിമറിഞ്ഞു.കണ്ണടച്ചു തുറക്കും മുന്നേ ആ ബാറ്റുതൊട്ട പന്തുകൾ പിന്നെയും പിന്നെയും ബൗണ്ടറി റോപ്പ് തേടിപ്പാഞ്ഞു.അന്നാണ് കിവികളെ ഓടിച്ചിട്ടടിച്ചു സെവാഗ് തന്റെ ആദ്യ സെഞ്ചുറി നേടുന്നത്.താരങ്ങളാൽ സമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റിൽ 69 പന്തിൽ സെഞ്ചുറിയും കളിയിലെ താരവുമായി പുതിയൊരു അവതാരം പിറവിയെടുക്കുകയായിരുന്നു..
ദാദ എനിക്കുവേണ്ടി ഓപ്പണിങ് സ്ഥാനം ത്യജിക്കുകയായിരുന്നുവെന്നു പിന്നീട് വികാരാധീനനായി സെവാഗ് പലതവണ പറഞ്ഞിട്ടുണ്ട്. 

He made me a cricketer,otherwise I will be ended my carrier as a low order batsman without gifting anything to team India…നന്ദി ദാദാ…നന്ദി !

പിന്നീട് ഇന്ത്യൻ ക്രിക്കറ്റിൽ ആക്രമണ ബാറ്റിങ്ങിന്റെ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു.പിച്ചിന്റെ രണ്ടറ്റത്തും രണ്ടു സച്ചിന്മാർ ! സച്ചിൻ ഒരു നദി പോലെ ഒഴുകി.ശാന്ത സുന്ദരമായ ഒരു നദി.സെവാഗ് ഒരു കടലായിരുന്നു.ആർത്തലച്ചടിക്കുന്ന ഒരു കടൽ.ക്രൈസ്റ്റ് ചർച്ചും സെഞ്ചുറിയനും എംസിസിയുമൊക്കെ തീർത്ത പിച്ചുകളിൽ ബാറ്റിൽ വെടിമരുന്ന് നിറച്ചു അയ്യാൾ നിറഞ്ഞാടി.മഗ്രാത്ത് മുതൽ സ്റ്റെയിൻ വരെ നീണ്ട എല്ലാ പന്തെറുകാരോടും ഒരേ സമീപനം.നാട്ടിൻപുറങ്ങളിലെ മടലിലും തടിയിലും തീർത്ത പാവപ്പെട്ടവന്റെ വില്ലോ ബാറ്റുകളിൽ സെവാഗ് ,സേവാങ്കായി വളർന്നു.അതിനൊപ്പം വിമർശനങ്ങളും..
ഫുട്_വർക്കില്ലാത്തവൻ,കാടനടിക്കാരൻ എന്നിങ്ങനെ ക്രിക്കറ്റ് ക്രിട്ടിക്സ്റ്റുകളുടെ പരിഹാസങ്ങൾക്കു സെവാഗ് നിരന്തരം വിധേയനായിക്കൊണ്ടിരുന്നു.ബാറ്റിങ് ഈസ് ആൻ ആർട്ട് എന്നു പഠിപ്പിച്ചുകൊണ്ടിരുന്ന സച്ചിൻ ടെണ്ടുൽക്കറുടെയും വി വി എസ് ലക്ഷ്മണിന്റെയും സൗരവ് ഗാംഗുലിയുടെയും രാഹുൽ ദ്രാവിഡിന്റെയുമൊക്കെ ഇടയിലേക്ക് കടന്നുവന്ന ചെറുപ്പക്കാരൻ ഒരു റിബലിനെപോലെ തോന്നിപ്പിച്ചു. 

ക്രിക്കറ്റിൽ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തണമെന്നു ഒരു നിർബന്ധവുമില്ല.

പക്ഷെ സെവാഗ് അങ്ങനെയൊക്കെ ചെയ്യും.ഒരു മോശം പന്ത് തീർച്ചയായും ശിക്ഷിക്കപ്പെടും.ഒരു നല്ല പന്തോ? അതും ശിക്ഷിക്കപ്പെടും. അതിനി ഏറ്റവും മികച്ച പന്താണെങ്കിലോ?

അതിനെ ചിലപ്പോൾ മനസ്സില്ലാ മനസ്സോടെ അയ്യാളൊന്നു ബഹുമാനിച്ചേക്കാം.ഉറപ്പില്ല,സേവാഗാണു.അയ്യാൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അയാൾക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ.പക്ഷെ ഒരു കാര്യം തീർച്ചയാണ്.ഏതു നിമിഷവും പന്ത് അതിർത്തിവര കടന്നു പായും..!
അവർ പരിഹസിച്ചുകൊണ്ടിരുന്ന അതേ ഫുട് വർക്കില്ലാത്തവന്റെ ബാറ്റിൽ നിന്നും 2003 ലോകകപ്പ് ഫൈനലിൽ ഇടതടവില്ലാതെ ബൗണ്ടറികൾ പാഞ്ഞപ്പോൾ ഒരു ജനത മുഴുവനായി കൈകൂപ്പി പ്രാർത്ഥിച്ചു,

ആ സ്ട്രോക്കുകളുടെ സൗന്ദര്യംനോക്കാതെ ആർത്തുവിളിച്ചു.ഒടുവിൽ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപോലെ പ്രതീക്ഷയറ്റു , നിസ്സഹായനായി മടങ്ങുമ്പോൾ ഇന്ത്യ മുഴുവൻ ആ മനുഷ്യനെ നെഞ്ചേറ്റി വിതുമ്പിക്കൊണ്ടിരുന്നു.കിരീടത്തിനായി ദാഹിച്ച ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ അന്നയാൾക്ക്‌ കഴിഞ്ഞില്ല.പക്ഷെ സച്ചിനും ദാദയ്ക്കും ഒപ്പമൊക്കെ ചുറ്റി കറങ്ങിയിരുന്ന ഇന്ത്യൻ ആരാധകർക്കിടയിലേക്കു തന്റെ പേര് കൂടി ആ മനുഷ്യൻ എഴുതിചേർത്തു. 

സെവാഗ് ഒരു അത്ഭുതമായി വളർന്നു,

ആരാധകരുടെ പ്രിയപ്പെട്ട വീരുവായി.
അതേ വർഷം തന്നെ ഓസീസിനെതിരെ മെൽബൺ ടെസ്റ്റിൽ സെവാഗ് സ്ട്രോക്കുകളുടെ മറ്റൊരു പെരുമഴക്കാലം തീർത്തപ്പോൾ സ്റ്റീവ് വോയുടെ ആസ്‌ട്രേലിയ ഗതിയില്ലാതെ വലയുന്നതും കണ്ടു.ഒടുവിൽ 195 ൽ നിൽക്കെ ഒരു വലിയ ഷോട്ടിനു മുതിർന്നു വീരു പുറത്താവുമ്പോൾ,
വെറും 5 റൺസ് മാത്രമകലെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി കാത്തിരിക്കുന്ന സമയത്ത് എന്തിനാണ് ഇങ്ങനെയൊരു മോശം ഷോട്ടിനു ശ്രമിച്ചതെന്ന കമന്റേറ്ററുടെ ചോദ്യത്തിന് സേവാഗിന്റെ മറുപടി “ഇതിനു മുൻപത്തെ പന്തിൽ ഇതുപോലൊരു ഷോട്ട് കളിച്ചാണല്ലോ ഞാൻ 195 ൽ എത്തിയത്,അപ്പോൾ ആറു റൺസ് കിട്ടിയ ഷോട്ട് ഇപ്പോഴെങ്ങനെ മോശമായി ” എന്നായിരുന്നു !
40 ൽ നിന്നും 50 ലേക്കും 85 ൽ നിന്നും 100 ലേക്കും ഒച്ചിഴയുന്നത് പോലെ നീങ്ങുന്ന ബാറ്റ്സ്മാൻമാർക്കു മുന്നിൽ സെവാഗ് ചീറ്റപ്പുലിയുടെ വേഗത്തിൽ കുതിച്ചു.വസീം ജാഫറും ആകാശ് ചോപ്രയുമൊക്കെ അക്കൗണ്ട് തുറക്കുന്ന സമയം വീരു 30 കടന്നിട്ടുണ്ടാവും.അതിനെ ടെക്നിക്കില്ലാത്തവന്റെ കാടനടി എന്നു പരിഹസിച്ചവരുണ്ട്. പക്ഷെ 2004 മുൾട്ടാണിൽ സാഖ്‌ലായിൻ മുഷ്താക്കിന്റെ പന്ത് ഡീപ് മിഡ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ പറക്കുമ്പോൾ അയ്യാളുടെ ടെക്നിക്കുകളെയും ടെംപർമെന്റുകളെയും കുറിച്ചുള്ള സംശയങ്ങൾ കൂടി പറന്നകന്നിരുന്നു. 

ലോകക്രിക്കറ്റിന്റെ നെറുകയിൽ തൊട്ടിട്ടും 300 ക്ലബ്ബിൽ ഇടം നേടാനാകാത്ത ഇൻഡ്യാക്കാരന്റെ ദൗർബല്യത്തെയാണ് അന്നയ്യാൾ പറത്തിവിട്ടത്.ഒന്നല്ല..രണ്ടുവട്ടം വീരുവിന്റെ ബാറ്റ് 300 എന്ന മാന്ത്രിക സംഖ്യ കീഴടക്കി.സെഞ്ചുറിയുടെ പടിവാതിലിൽ നിൽക്കുമ്പോഴും നിർഭയനായ സെവാഗ്

ബൗണ്ടറികൾക്കായി ശ്രമിച്ചുകൊണ്ടേയിരുന്നു..
“I have to learn from Sehwag, how to play in nervous 90 s..” പറഞ്ഞത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ് ! മറ്റുള്ള ബാറ്റ്സ്മാന്മാരെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന പന്ത് കഴിഞ്ഞതിന്റെ തുടർച്ചയാണ്.ആ പന്തിനെ എങ്ങനെ നേരിട്ടോ,അതിനാനുസരിച്ചാവണം അടുത്തതിന്റെ വിധി നിർണ്ണയിക്കുവാൻ.പക്ഷെ Past is Past എന്നുള്ളത് അർഥവത്താകുന്നതു സേവാഗിലേക്കെത്തുമ്പോഴാണ്. അവിടെ തന്റെ മുന്നിലേക്ക് വരുന്ന പന്തിലേക്ക് മാത്രമായി ചിന്തകൾ ചുരുങ്ങുന്നു.കഴിഞ്ഞതിനെക്കുറിച്ചോർത്തോ, എത്തിനിൽക്കുന്ന സ്കോറിനെപ്പറ്റിയോ വേവലാതികളില്ല. 

The only thing mattered is how to hit the current ball എന്നതാണ്.ഈ ശൈലിയോട് എനിക്ക് ചിലപ്പോഴൊക്കെ നീരസവും തോന്നിയിട്ടുണ്ട്.

പെട്ടെന്ന് ഓർമ്മവരുന്നത് 2009 ൽ 293 റൺസുമായി സ്വപ്ന സമാനമായ ഒരു ലക്ഷ്യത്തിലേക്ക് ബാറ്റെന്തുന്ന അവസരമാണ്.മുന്നിൽ സാക്ഷാൽ ബ്രാഡ്മാനുപോലും നേടാൻ കഴിയാത്ത മൂന്നു ട്രിപ്പിൾ സെഞ്ചുറികൾ എന്ന അത്യപൂർവ്വ നേട്ടം.എന്നാൽ മുത്തയ്യ മുരളീധരന്റെ പന്തിനെ അലക്ഷ്യമായി കളിച്ചു വീരു പുറത്താവുന്നു..ഇപ്പോഴും ആ നിമിഷം ഉള്ളിലൊരു നീറ്റലാണ്.

ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാശിക്കാം.അതിനേ കഴിയുള്ളൂ..

പിന്നീടോരിക്കലും അത്തരമൊരു സന്ദർഭം വന്നാൽ അയ്യാൾ ആ തെറ്റ് ആവർത്തിക്കില്ലായെന്നു ഉറപ്പിക്കാനും നിർവാഹമില്ല.സെവാഗ് അങ്ങനെയൊക്കെയാണ് എന്ന് ആശ്വാസത്തിനു പറഞ്ഞുവെയ്ക്കാം എന്നുമാത്രം.അയാൾക്ക്‌ അയ്യാളുടേതായ ശൈലി ഉണ്ട്.

അതില്ലെങ്കിൽ സേവാഗില്ല.നമ്മൾ എന്തു ചിന്തിക്കുന്നു,എന്തു പ്രതീക്ഷിക്കുന്നു എന്നതും പ്രശ്നമല്ല.Playing it my way എന്ന സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥയുടെ പേര് പോലും സേവാഗിൽ നിന്നും ഉരുതിരിഞ്ഞതാണോ എന്നെനിക്ക് സംശയമുണ്ട്.
വീരുവിന്റെ അപ്പ്രോച് enjoy the game എന്നുള്ളതാണ്.21 ആം നൂറ്റാണ്ടിലെ വിവിയൻ റിച്ചാർഡ്‌സ് എന്നാണ് റമീസ് രാജയും എം എസ് ധോണിയും യുവരാജ് സിംഗുമടക്കമുള്ളവർ സേവാഗിനെ വിശേഷിപ്പിച്ചത്.വന്യമായ കരീബിയൻ കരുത്തിന്റെ പ്രതീകമായിരുന്നു റിച്ചാർഡ്‌സ്.

രൂപത്തിൽ പോലും ആ ഭീകരത പ്രകടവുമാണ്.പക്ഷെ,ഞങ്ങളുടെ വീരു ഒരു പുഞ്ചിരിയുടെ അടയാളമായിരുന്നു.

അതല്ലാതെ ആ മനുഷ്യനെ കണ്ടിട്ടേയില്ല..ഏകദിനത്തിൽ ഡബിൾ സെഞ്ചുറിയിലേക്കു പാഞ്ഞടുക്കവേ ചിരിച്ചും തമാശകൾ പറഞ്ഞും പാട്ടുകൾ പാടിയും തന്നെ വിസ്മയിപ്പിച്ച വീരുവിനെക്കുറിച്ചു നോൺ-സ്‌ട്രൈക്കർ എൻഡിൽ നിന്ന സുരേഷ് റെയ്‌ന പിന്നീട്‌ വാചാലനായിട്ടുണ്ട്.ആ ചിരിയില്ലാതെ നമ്മൾ എപ്പോഴാണ് സേവാഗിനെ കണ്ടിട്ടുള്ളത്.2007 ലെ T20 ലോകകപ്പിൽ, വിജയികളെ നിർണ്ണയിക്കാനായി പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവരുന്ന ഒരു ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെയെന്നോണം ആവേശം അലതല്ലിയ ഇൻഡ്യാ പാകിസ്ഥാൻ മത്സരത്തിൽ ബാൾ ഔട്ടിനായി തലയിൽ തൊപ്പിയുമെന്തി ചിരിച്ചു ഉല്ലസിച്ചുവരുന്ന വീരുവിനെ മറക്കാനാവുമോ..കളിക്കിടെ അമ്പയർമാരോട് കുശലം പറയുന്ന , ഫീൽഡിങ്ങിനിടയിൽ കുസൃതികൾ കാണിക്കുന്ന , വട്ടത്തോപ്പിയുമായി ഗ്രൗണ്ടിലെവിടെയും ആവേശത്തോടെ ഓടി നടക്കുന്ന വീരു.ഓരോ ക്രിക്കറ്റ് പ്രേമിക്കും മനോഹരമായൊരു കാഴ്ചാനുഭവമായിരുന്നു വീരേന്ദർ സേവാഗ്.
ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടു ട്രിപ്പിൾ സെഞ്ചുറികൾ നേടി എന്നതിനേക്കാൾ സാക്ഷാൽ ഡോൺ ബ്രാഡ്മാനും ബ്രയാൻ ലാറയ്ക്കുമൊപ്പമാണ് വീരു ആ നേട്ടം പങ്കുവയ്ക്കുന്നത് എന്നതാണ് നമ്മൾ ഓർത്തിരിക്കേണ്ടതു.മുൻപ് പറഞ്ഞ നിർഭാഗ്യം ഇല്ലായിരുന്നുവെങ്കിൽ അതു മൂന്നായേനെ. 

ഈ നൂറ്റാണ്ടിൽ വിസ്ഡന്റെ ലീഡിങ് ക്രിക്കറ്റ് പ്ലെയർ അവാർഡ് തുടർച്ചയായി രണ്ടു തവണ സ്വന്തമാക്കിയ ലോകക്രിക്കറ്റിലെ ഒരേയൊരു താരമാണ്.നേട്ടങ്ങൾ അനവധിയുണ്ട്.പക്ഷേ അതിനൊക്കെ അപ്പുറം ഇന്ത്യൻ ക്രിക്കറ്റിൽ വീരു സൃഷ്ട്ടിച്ച വിപ്ലവകരമായ ഒരു മാറ്റമുണ്ട്.അതാണ് അയ്യാളുടെ ഏറ്റവും വലിയ നേട്ടം.നമുക്ക് ബാറ്റ്സ്മാന്മാരെ വർണ്ണിക്കാം..വിവരിക്കാം..പക്ഷെ എങ്ങനെയാണ് സേവാഗിനെ വർണ്ണിക്കുക? ആരെയും അത്ഭുതപ്പെടുത്തുന്ന ഹാൻഡ് -ഐ കോർഡിനേഷനിലൂടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ബാറ്റ്സ്മാനാണയ്യാൾ.ലോജിക്കുകളെ വെല്ലുവിളിച്ചയാൾ.ചിലർ അങ്ങനെയാണ്.വിവരിക്കാനും വർണ്ണിക്കാനും ബുദ്ധിമുട്ടാണ്.

We search for answers,facts,numbers and reasons.For some people that doesn’t work.You have to see them ,feel them..അതേ,ഞങ്ങൾ വീരുവിന്റെ കളി കണ്ടിട്ടുണ്ട്.പരിധികളില്ലാതെ ആസ്വദിച്ചിട്ടുമുണ്ട്.ഷോയിബ് അക്തറിന്റെ തീപാറും പന്തുകളെയും സാക്ഷാൽ ഷെയിൻ വോണിന്റെ മാന്ത്രിക സ്പിന്നിനെയും ചുരുട്ടികെട്ടി ക്രീസിൽ നിന്നു ചിരിക്കുന്ന മനുഷ്യനെക്കണ്ട് ആവേശത്തോടെ ആർത്തുവിളിച്ചിട്ടുണ്ട്..
സെവാഗ് ഒരു സിസ്റ്റത്തിന്റെയോ അക്കാദമിയുടെയോ സംഭാവനയായിരുന്നില്ല.സച്ചിൻ ടെണ്ടുൽക്കറെ ആരാധിച്ചു , അയാൾക്കൊപ്പം ബാറ്റെന്താൻ കൊതിച്ചു നജഫ്‌ഗഡിലെ തെരുവീഥികളിൽ നിന്നും ഇന്ത്യൻ ടീമിലേക്കു പിച്ചവെച്ച ചെറുപ്പക്കാരൻ.

പിന്നീടയ്യാൾ ടെണ്ടുൽക്കർക്കുപോലും കഴിയാത്ത നേട്ടങ്ങളിലേക്കു പറന്നുയരുന്നതും നമ്മൾ കണ്ടു.ടെക്നിക്കുകളും ഫുട് മൂവ്മെന്റുകളുമില്ലാതെ ഇന്ത്യൻ ക്രിക്കറ്റിലെ മഹാർഥന്മാർക്കൊപ്പം വീരു ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്നു.

എന്തൊക്കെയാണ്

ഓർത്തിരിക്കേണ്ടത്..കീവീസിനെതിരെ മത്സരം തുടങ്ങിയയുടൻ നേരിട്ട ആദ്യ മൂന്ന് പന്തുകളും സിക്സർ പറത്തി ഞെട്ടിച്ചിട്ടുണ്ട്..പാകിസ്ഥാനെതിരെ ഓപ്പണിങ് വിക്കറ്റിൽ ദ്രാവിഡിനൊപ്പം ചേർന്നു 410 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി അത്ഭുതപ്പെടുത്തിയിട്ടുണ്ട്..സച്ചിൻ ടെണ്ടുൽക്കറുടെ 200 റൺസ് നിസ്സാരമായി മറികടന്നു അസൂയപ്പെടുത്തിയിട്ടുണ്ട്..2011 ലോകകപ്പിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ ആദ്യ പന്തു ബൗണ്ടറി കടത്തി കൊതിപ്പിച്ചിട്ടുണ്ട്..11 ടെസ്റ്റ് മത്സരങ്ങളിൽ തുടരെ തുടരെ 50.. 

പിന്നീടൊരിക്കൽ പാട്ടുപാടി സിക്സടിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട്..

ടെസ്റ്റിൽ ഒരു സെഷനിലൊക്കെ സെഞ്ചുറി പൂർത്തിയാക്കി കൂളായി നിന്നു ചിരിച്ചിട്ടുണ്ട്..പിന്നെയും കണ്ണിനിമ്പം പകരുന്ന എന്തോരം കാഴ്ചകളുണ്ട് ആ മനുഷ്യൻ നമുക്ക് സമ്മാനിച്ചത്…
But nothing lasts forever and nothing remains the same…സന്തോഷമായാലും സങ്കടമായാലും അതങ്ങനെ തന്നെയാണ്.കാലം കടന്നുപോകുമ്പോൾ കഴിഞ്ഞതൊക്കെ സ്‌മൃതികളായി മാറും, പിന്നെ

ഇടയ്ക്കെപ്പോഴെങ്കിലും ഒരു നിത്യവസന്തത്തിന്റെ ഓർമ്മകളായി അവ പൂത്തുലഞ്ഞേക്കാം,അതും ഇഷ്ട്ടപ്പെടുന്നവരുടെ ഹൃദയങ്ങളിൽ മാത്രമായി ഒതുങ്ങിക്കൊണ്ട്.ഇവിടെ അതു 2015 ആണ്.അതേ..അവസാനം ഓർമ്മകളെ കീറിമുറിച്ചുകൊണ്ടു കാലം 2015 ലേക്ക് കുതിക്കുകയാണ്….

ഡൽഹിയിലെ ഫിറോഷ്‌ ഷാ കോട്ട് ല..

ചുണ്ടിൽ മായാത്ത പുഞ്ചിരിയുമായി അയ്യാൾ അവിടെയുണ്ട്.പക്ഷെ ബ്രെറ്റ് ലീയുടെ ഓഫ്‌ സ്റ്റമ്പിനു പുറത്തുവീണ ഒരു വേഗമേറിയ പന്തിനെ , കമന്റേറ്റർക്കു ഒന്നു ആർത്തുവിളിക്കാൻ അവസരം നൽകാതെ,ഗാലറിക്കു ഒന്നു ഇളകിമറിയാൻ സമയം നൽകാതെ,

ബൗളർക്കു തലയിൽ കൈ വെച്ചൊന്നു നേടുവീർപ്പെടാൻപോലും ഇടവേള നൽകാതെ ഞൊടിയിടയിൽ പന്തിന്റെ വേഗവും ബൗൻസും നിർണയിച്ചു പോയിന്റിലൂടെ മിന്നൽ വേഗത്തിൽ ബൗണ്ടറി കടത്തുന്ന സെവാഗ് ആയിരുന്നില്ല അന്നയ്യാൾ.

അതു വീരുവിന്റെ വിടവാങ്ങൽ ചടങ്ങായിരുന്നു..!
സഞ്ജയ് മഞ്ചരേക്കർ,ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂർ, ഭാര്യ,മക്കൾ,വളരെക്കുറച്ചു ആരാധകർ,ഇന്ത്യൻ ടീമംഗങ്ങൾ..ലളിതമായൊരു ചടങ്ങ്.മഞ്ച്രേക്കർ സംസാരിച്ചു തുടങ്ങി..സെവാഗ് ഒരുനിമിഷം കണ്ണുകളടച്ചുകാണും.മുന്നിൽ മറ്റൊരു ഫെയർവെൽ ചടങ്ങ് തെളിയുന്നുണ്ട്.രണ്ടുവർഷം മുന്നേ പതിനായിരക്കണക്കിന് ആരാധകർ ഇരമ്പിയെത്തിയ വികാരനിർഭരമായ ഒരു രംഗം.കളിച്ചുവളർന്ന തന്റെ സ്വന്തം മണ്ണിൽ എല്ലാ സ്നേഹവായ്പുകളോടുംകൂടി വിടപറഞ്ഞ തന്റെ ആരാധനാമൂർത്തി.അത്രയൊന്നും എനിക്ക് വേണ്ട..പക്ഷെ ഒരു മത്സരം..അവസാനമായി ഒരൊറ്റ മത്സരത്തിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞുകൊണ്ട് വിടപറയാൻകൂടി അർഹതയില്ലാത്തവനായിരുന്നോ താൻ? ആ മനസ്സൊന്നു വിങ്ങിയിട്ടുണ്ടാവണം.പെട്ടെന്ന് മഞ്ച് രേക്കർ ആ പേരു വിളിച്ചു.വീരൂ…

വീണ്ടും പുഞ്ചിരി വിടർത്തി സെവാഗ് മൈക്കിനരികിലേക്കു.താൻ സഞ്ചരിച്ച വഴികൾ,ഒപ്പം കളിച്ചവർ..രണ്ടു മിനിറ്റ് മാത്രം നീണ്ട ഒരു വിടവാങ്ങൽ ചടങ്ങ്.അനുരാഗ് ഠാക്കൂർ ഒരു ചെറിയ ട്രോഫി സമ്മാനിച്ചു.സെവാഗ് അതുവാങ്ങി മുന്നോട്ടു നടന്നു,ഇന്ത്യൻ ടീമംഗങ്ങൾക്കു ഓരോരുത്തർക്കും ഹസ്തദാനം നൽകി.സാക്ഷാൽ വിവ് റിച്ചാർട്സിനോട് താരതമ്യപ്പെട്ട താരം..ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ആക്രമകാരിയായ ബാറ്റ്‌സ്മാൻ വിട പറയുകയാണ്..

ആരവങ്ങളില്ലാതെ,ആർപ്പുവിളികളില്ലാതെ,ഒരു വഴിപോക്കനെപോലെ..! 

ആരോടും പരിഭവങ്ങളില്ല..

പരാതികളില്ല..പതിയെ വീരു നടന്നുനീങ്ങി,ആ കാലടികൾ മറയുന്നു..
ക്ളാസ്സിക്കിന്റെ തമ്പുരാന്മാരെന്നു വെച്ചാരാധിക്കപ്പെട്ടിരുന്ന ഇന്ത്യൻ ബാറ്റിങ്ങിലെ ഫാബുലസ് ഫോറിനിടയിലേക്കു നിർഭയനായി കടന്നുവന്ന ചെറുപ്പക്കാരൻ..

ആരുടെയും സൗജന്യങ്ങൾക്കോ,

ഔദാര്യങ്ങൾക്കോ അയ്യാൾ നിന്നുകൊടുത്തില്ല.ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളിൽ താൻ സൃഷ്ടിച്ച പ്രകമ്പനങ്ങൾ കൃത്യമായി എഴുതിചേർത്താണ് അയ്യാൾ മടങ്ങുന്നത്.പരിവർത്തനങ്ങളുടെ പുത്തൻ യുഗത്തിലും ആ കാഴ്ചകളെ ഞാൻ ഹൃദയത്തോട് ചേർക്കുകയാണ്. എനിക്ക് അവയെല്ലാം വരും തലമുറയോട് ഉറക്കെ വിളിച്ചുപറയണം.

We saw a gambler,a player,who loved to take risks,he was a miracle,an institution of entertainment or simply mass ka baap!
ലോകക്രിക്കറ്റിലെ വീരു ചരിതം ഓർമ്മകളിലേക്ക് ചേക്കേറുന്നു.

ഗാംഗുലി, ലക്ഷ്മൺ,ദ്രാവിഡ്,സച്ചിൻ,

ഇതാ സേവാഗും..ഈ നാട്ടിലെ ലക്ഷോപലക്ഷം ബാല്യ കൗമാരങ്ങളെ ബാറ്റുമായി മൈതാനങ്ങളിലേക്കു പായാൻ പ്രേരിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ്ണ കാലഘട്ടമാണ്‌ അവസാനിക്കുന്നത്.എല്ലാം ഓർമ്മകൾക്ക് വഴിമാറുകയാണ്.

കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളുമായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളെ തീ പിടിപ്പിക്കുവാൻ മുൾട്ടാന്റെ സുൽത്താനും ഇനിയൊരിക്കലും പിച്ചിലേക്കില്ല… വേദനയോടെ ഞാൻ കണ്ണുകൾ അടച്ചു…

അവിടെയൊരു ക്രിക്കറ്റ് മത്സരം തെളിയുന്നുണ്ട്.ആർത്തിരമ്പുന്ന ഗാലറിയുടെ നിലയ്ക്കാത്ത ആരവങ്ങൾക്കിടയിൽ ഷോയിബ് അക്തറിന്റെ ലോങ് റണ്ണപ്പിലുള്ളൊരു ഫുൾ പേസ് ഡെലിവറിയ്ക്കായി നിർഭയനായി കാത്തുനിൽക്കുന്ന സെവാഗ്.ഷോയിബ് ഓടിയടുക്കവേ, പതിവുപോലെ വീരുവിന്റെ ചുണ്ടുകൾ അയ്യാൾക്കു ഏറ്റവും ഇഷ്ടപ്പെട്ട അശോക് കുമാറിന്റെ ഗാനം മൂളിത്തുടങ്ങി…
“”chalaa jaataa hoon, 

kisee kee dhun mein, 

dhaRakte dil ke taraane liye

milan kee mastee bharee aankhon mein, hazaaron sapne suhaane liye… “”
( I keep on going,

in someone’s (good) thoughts,

with the songs of the beating heart.

with thousands of beautiful dreams

in the eyes full of joy of meeting… )

Written by : Vimal Nath VG