Skip to content

കോഹ്ലിപ്പടയുടെ തകർപ്പൻ തിരിച്ചുവരവ്, ഹാട്രിക് നേടി ഹർഷൽ പട്ടേൽ, മുംബൈയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി വിരാട് കോഹ്ലിയുടെ ആർ സി ബി. മത്സരത്തിൽ 54 റൺസിനാണ് നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 18.1 ഓവറിൽ 111 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. സീസണിലെ മുംബൈയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

( Picture Source : Twitter / IPL )

നാലോവറിൽ 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹാലും ഹാട്രിക് നേടിയ ഹർഷാൽ പട്ടേലുമാണ് മുംബൈ ഇന്ത്യൻസിനെ തകർത്തത്. 17 ആം ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, രാഹുൽ ചഹാർ എന്നിവരെ പുറത്താക്കിയാണ് ഹർഷൽ പട്ടേൽ തന്റെ ഹാട്രിക് കുറിച്ചത്. മത്സരത്തിൽ 3.1 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി ഹാട്രിക് അടക്കം നാല് വിക്കറ്റ് ഹാർഷൽ പട്ടേൽ വീഴ്ത്തി.

( Picture Source : Twitter / IPL )

28 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും 24 റൺസ് നേടിയ ഡീകോക്കും മാത്രമാണ് മുംബൈ ഇന്ത്യൻസ് നിരയിൽ രണ്ടക്കം കടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 42 പന്തിൽ മൂന്നും സിക്സും മൂന്ന് ഫോറുമടക്കം 51 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 37 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 56 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ, 24 പന്തിൽ 32 റൺസ് നേടിയ ശ്രീകാർ ഭരത് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : Twitter / IPL )

മുംബൈ ഇന്ത്യൻസിന് വേണ്ടി ബുംറ നാലോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സീസണിലെ മുംബൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. പരാജയത്തോടെ മുംബൈ ഇന്ത്യൻസ് ഏഴാം സ്ഥാനത്തേക്ക് പിന്തളളപെട്ടു. സീസണിലെ തങ്ങളുടെ ആറാം വിജയം നേടിയ ആർ സി ബി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്തി.

( Picture Source : Twitter / IPL )