Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി കിങ്‌ കോഹ്ലി

ടി20 ക്രിക്കറ്റിൽ 10,000 റൺസ് പിന്നിട്ട് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തോടെയാണ് ഈ നാഴികക്കല്ല് വിരാട് കോഹ്ലി പിന്നിട്ടത്. ടി20 ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി.

( Picture Source : Twitter / IPL )

മുംബൈയ്ക്കെതിരായ മത്സരത്തിൽ 13 റൺസ് പിന്നിട്ടതോടെയാണ് ടി20 ക്രിക്കറ്റിൽ 10000 റൺസെന്ന നാഴികക്കല്ല് കോഹ്ലി പിന്നിട്ടത്. ടി20 ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാന്മാരായ ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഷൊഹൈബ് മാലിക്ക്, ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / IPL )

ടി20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. വെറും 299 ഇന്നിങ്സിൽ നിന്നും 40 ന് മുകളിൽ ശരാശരിയുടെയാണ് കോഹ്ലി 10000 റൺസ് പിന്നിട്ടിരിക്കുന്നത്. 285 ഇന്നിങ്സിൽ 10000 റൺസ് നേടിയ ക്രിസ് ഗെയ്ലാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്ക് മുൻപിലുള്ളത്. ടി20 ക്രിക്കറ്റിൽ ഇതുവരെ 314 മത്സരങ്ങളിൽ നിന്നും 74 ഫിഫ്റ്റിയും അഞ്ച് സെഞ്ചുറിയും കോഹ്ലി നേടിയിട്ടുണ്ട്‌.

( Picture Source : Twitter / IPL )

ഇന്ത്യൻ പ്രീമിയർ ലീഗിലും അന്താരാഷ്ട്ര ടി20യിലും ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. ഐ പി എല്ലിൽ 194 മത്സരങ്ങളിൽ നിന്നും 37.94 ശരാശരിയിൽ 6185 റൺസ് നേടിയിട്ടുള്ള കോഹ്ലി അന്താരാഷ്ട്ര ടി20യിൽ 84 ഇന്നിങ്സിൽ നിന്നും 52.65 ശരാശരിയിൽ 3159 റൺസും നേടിയിട്ടുണ്ട്‌.

മത്സരത്തിൽ അർധസെഞ്ചുറി നേടിയ കോഹ്ലി 42 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 51 റൺസ് നേടിയാണ് പുറത്തായത്. ഐ പി എല്ലിലെ കോഹ്ലിയുടെ 42 ആം ഫിഫ്റ്റിയാണിത്.

( Picture Source : Twitter / IPL )