Skip to content

‘നിങ്ങൾ ഒരിക്കലും എന്നെ ഇങ്ങനെ ടച്ച് ചെയ്തിട്ടില്ല ’ –  വില്യംസനുമായുള്ള ഫോട്ടോ പങ്കുവെച്ച ഖലീൽ അഹമ്മദിന് ഡേവിഡ് വാർണറിന്റെ കമെന്റ്

ക്യാപ്റ്റനെ മാറ്റിയിട്ടും സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മോശം പ്രകടനത്തിൽ യാതൊരു മാറ്റവുമില്ല. യുഎഈയിൽ നടക്കുന്ന രണ്ടാം പാദത്തിൽ കളിച്ച രണ്ട് മത്സരത്തിലും ഹൈദരാബാദ് പരാജയപ്പെട്ടു. ഇന്ത്യ നടന്ന ആദ്യ പാദത്തിൽ തുടർച്ചയായി പരാജയം നേരിട്ടതോടെ ഡേവിഡ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി വില്യംസനെ ഏൽപ്പിക്കുകയായിരുന്നു.

ഏതായാലും ക്യാപ്റ്റൻ മാറിയിട്ടും വിജയത്തിലേക്ക് കുതിക്കാൻ വില്യംസനും സംഘത്തിനുമായിട്ടില്ല. ഇന്നലെ നടന്ന പഞ്ചാബിനെതിരായ മത്സരത്തിൽ ജയം നേടുമെന്ന് കരുതിയെങ്കിലും അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ 5 റൺസിന് പരാജയപ്പെടുകയായിരുന്നു.
മത്സരത്തിൽ 126 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 120 റൺസ് നേടാനെ സാധിച്ചുള്ളൂ.

29 പന്തിൽ 5 സിക്സ് അടക്കം പുറത്താകാതെ 47 റൺസ് നേടിയ ജേസൺ ഹോൾഡർ മാത്രമാണ് സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയത്. വൃദ്ധിമാൻ സാഹ 37 പന്തിൽ 31 റൺസ് നേടി പുറത്തായപ്പോൾ ഡേവിഡ് വാർണർ 2 റൺസും ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഒരു റൺസും മാത്രം നേടി പുറത്തായി. തോൽവിയോടെ
ഐപിഎൽ പതിനാലാം സീസണിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ് മാറി.

അതേസമയം ഹൈദരബാദിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെ സോഷ്യൽ മീഡിയയിലെ രസകരമായ കമെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘ജയമോ പരാജയമോ, ഞങ്ങൾ ഒറ്റക്കെട്ടാണ്’ എന്ന കുറിപ്പോടെ ക്യാപ്റ്റൻ വില്യംസനെ പിടിച്ചുള്ള ഖലീൽ അഹമ്മദിന്റെ പോസ്റ്റിന് കീഴിലായിരുന്നു ഈ കമെന്റ്. എന്നെ ഒരിക്കലും നീ ഇങ്ങനെ ടച്ച് ചെയ്തിട്ടില്ലെന്നായിരുന്നു വാർണറിന്റെ കമെന്റ്. ചിരിക്കുന്ന ഇമോജി ഒപ്പം ചേർത്ത് കൊണ്ടായിരുന്നു വാർണർ എത്തിയത്.