Skip to content

സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം പാഴായി, റോയൽസിനെ പരാജയപെടുത്തി കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്

രാജസ്ഥാൻ റോയൽസിനെ 33 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 121 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. 53 പന്തിൽ 8 ഫോറും ഒരു സിക്സുമടക്കം 70 റൺസ് നേടിയ സഞ്ജുവിന് പിന്തുണ നൽകാൻ മറ്റൊരു റോയൽസ് ബാറ്റ്‌സ്മാനും സാധിച്ചില്ല.

( Picture Source : Twitter / IPL )

ഡൽഹിയ്ക്ക് വേണ്ടി ആന്റിച്ച് നോർക്കിയ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും ആവേശ് ഖാൻ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 32 പന്തിൽ 43 റൺസ് നേടിയ ശ്രേയസ് അയ്യരുടെയും 16 പന്തിൽ 28 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയറുടെയും മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. രാജസ്ഥാൻ റോയൽസിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ നാലോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ചേതൻ സക്കറിയ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

( Picture Source : Twitter / IPL )

വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ഡൽഹി ക്യാപിറ്റൽസ് വീണ്ടും ഒന്നാമതെത്തി. സീസണിലെ ഡൽഹിയുടെ എട്ടാം വിജയമാണിത്. സെപ്റ്റംബർ 27 ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. സെപ്റ്റംബർ 28 ന് ഷാർജയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് പന്തിന്റെയും കൂട്ടരുടെയും അടുത്ത മത്സരം.

( Picture Source : Twitter / IPL )