Skip to content

പ്ലേയോഫ് യോഗ്യത ഉറപ്പാക്കിയാൽ ധോണി നാലാമനായി ഇറങ്ങണം, നിർദ്ദേശവുമായി ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഈ സീസണിൽ ചെന്നൈ യോഗ്യത ഉറപ്പാക്കികഴിഞ്ഞാൽ ധോണി നാലാമനായി ബാറ്റിങിനിറങ്ങണമെന്ന് അഭിപ്രായപെട്ട ഗംഭീർ അതിന് പിന്നിലെ കാരണവും വിശദീകരിച്ചു. നിലവിൽ സീസണിൽ ഏഴ് വിജയങ്ങളോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്.

9 മത്സരങ്ങളിൽ ഏഴ് വിജയം നേടിയ ചെന്നൈയ്ക്ക് നിലവിൽ 14 പോയിന്റാണുള്ളത്. ഒന്നോ രണ്ടോ മത്സരങ്ങളിൽ വിജയിച്ചാൽ ധോണിയ്ക്കും കൂട്ടർക്കും പ്ലേയോഫ് യോഗ്യത ഉറപ്പാക്കുവാൻ സാധിക്കും.

( Picture Source : Twitter /IPL )

” സി എസ് കെ പ്ലേയോഫ് യോഗ്യത ഉറപ്പാക്കികഴിഞ്ഞാൽ പിന്നീടുള്ള മത്സരങ്ങളിൽ ധോണി നാലാമനായി ബാറ്റിങിനിറങ്ങണം. അത് ചേസ് ചെയ്യുമ്പോഴായാലും അല്ലെങ്കിൽ ആദ്യം ബാറ്റ് ചെയ്യുമ്പോഴായാലും. കാരണം ധോണി ക്രീസിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാനത് കാണാൻ ആഗ്രഹിക്കുന്നു. ധോണി അത് ചെയ്യുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റനാകുന്നതിന്റെ ഏറ്റവും മികച്ച ഗുണമെന്തെന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന പൊസിഷനിൽ ബാറ്റ് ചെയ്യാനാകുമെന്നതാണ്. ” ഗംഭീർ പറഞ്ഞു.

( Picture Source : Twitter /IPL )

സീസണിൽ 6 ഇന്നിങ്സിൽ നിന്നും 51 റൺസ് മാത്രമാണ് ധോണി നേടിയിട്ടുള്ളത്. പ്ലേയോഫിൽ മുൻനിര ബാറ്റ്‌സ്മാന്മാർ റൺസ് സ്കോർ ചെയ്യുമെന്ന് ഉറപ്പുപറയുവാൻ ആകില്ലയെന്നും അതുകൊണ്ട് തന്നെ യോഗ്യത ഉറപ്പാക്കിയാൽ പിന്നീടുള്ള മത്സരങ്ങളിൽ ധോണി നാലാമനായി ബാറ്റ് ചെയ്ത് പ്ലേയോഫ് പോരാട്ടങ്ങൾക്ക് മുൻപേ മത്സരപരിചയം നേടിയെടുക്കണമെന്നും ഗംഭീർ നിർദ്ദേശിച്ചു.

( Picture Source : Twitter /IPL )

” നിങ്ങളുടെ നമ്പർ 3, നമ്പർ 4 ബാറ്റ്‌സ്മാന്മാർ എപ്പോഴും റൺസ് നേടിക്കൊള്ളണമെന്നില്ല. നിങ്ങളും ബാറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ എത്രത്തോളം റൺസ് അധികമായി നേടുന്നതോ അത് ടീമിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും. നിങ്ങൾ പ്ലേയോഫ് യോഗ്യത നേടും, പക്ഷെ ഉത്തരവാദിത്വം നിങ്ങളെ ബാധിക്കരുത്. ടീമിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ട്ടപെട്ടേക്കാം അപ്പോൾ ക്രീസിലെത്തി റൺസ് സ്കോർ ചെയ്യേണ്ടത് നിങ്ങളാണ്. ” ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter /IPL )