Skip to content

അവനെന്റെ സഹോദരൻ, കഴിഞ്ഞ മത്സരത്തിൽ ബ്രാവോയോട് കയർത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഡ്വെയ്ൻ ബ്രാവോയെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ ബ്രാവോ നേടിയിരുന്നു. ബ്രാവോ തന്റെ സഹോദരനാണെന്നും പല കാര്യങ്ങളിൽ തമ്മിൽ തർക്കമുണ്ടാറുണ്ടെന്നും പറഞ്ഞ എം എസ് ധോണി കഴിഞ്ഞ മത്സരത്തിൽ ഫീൽഡിങിനിടെ ബ്രാവോയോട് കയർത്തതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

( Picture Source : Twitter / IPL )

മത്സരത്തിൽ ആറ് വിക്കറ്റിനാണ് ചെന്നൈ ആർ സി ബിയെ പരാജയപെടുത്തിയത്. ആർ സി ബി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ ചെന്നൈ മറികടന്നു. സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഏഴാം വിജയമാണ്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്നിലാക്കി ചെന്നൈ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

( Picture Source : Twitter / IPL )

” ബ്രാവോ ഇപ്പോൾ ഫിറ്റാണ്, അത് നല്ല കാര്യമാണ്, കൂടാതെ മികച്ച പ്രകടനവും അവൻ പുറത്തെടുക്കുന്നു. എന്റെ ബ്രദറെന്നാണ് ഞാൻ അവനെ വിളിക്കുന്നത്. അവൻ സ്ലോ ബോൾ എറിയണോ വേണ്ടയോ എന്നതിൽ ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ട്. പക്ഷെ ഇപ്പോൾ അവൻ സ്ലോ ബോൾ എറിയുമെന്ന് എല്ലാവർക്കും അറിയാം, അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാനെ ആശയകുഴപ്പത്തിലാക്കാൻ ഒരോവറിലെ ആറ് പന്തും വ്യത്യസ്തമായി എറിയാൻ ഞാൻ അവനോട് പറഞ്ഞു. ” എം എസ് ധോണി പറഞ്ഞു.

( Picture Source : Twitter / IPL )

” ഈ ഫോർമാറ്റിൽ ലോകത്തെമ്പാടും വ്യത്യസ്ത സാഹചര്യങ്ങളിൽ കളിച്ചതിന്റെ എക്സ്പീരിയൻസ് അവനുണ്ട്. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം അവൻ ഉത്തരവാദിത്വം ഏറ്റെടുക്കും. ( ബ്രാവോ അവസാന മത്സരത്തിൽ കയർത്തതിന് പിന്നിൽ) അവൻ വളരെയധികം എന്റെ അടുത്തെത്തുകയും എന്തോ പറയുകയും ചെയ്തു. അതോടെ എന്റെ ശ്രദ്ധ തിരിയുകയും കൈ പിൻവലിക്കുകയും ചെയ്തു. പിടിക്കാൻ അനുവദിക്കൂ എന്നവനോട് പറയുകയും ചെയ്തു. അതെല്ലാം സഹോദരന്മാർ തമ്മിൽ നടക്കുന്ന കാര്യങ്ങളാണ്, ഞങ്ങൾ വഴക്കിട്ടുകൊണ്ടിരിക്കും. ” എം എസ് ധോണി കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL )

” ഡ്യൂ ഉണ്ടാകുമോയെന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ടാമത് ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. മികച്ച തുടക്കമാണ് അവർക്ക് ലഭിച്ചത് എന്നാൽ ഒമ്പതാം ഓവറിന് ശേഷം വിക്കറ്റ് മന്ദഗതിയിലായി. ഞങ്ങളുടെ കളിക്കാർ കഠിനപ്രയത്‌നം ചെയ്യുന്നുണ്ട്. അവരുടെ ഉത്തരവാദിത്വം എന്താണെന്ന് അവർ മനസ്സിലാക്കുന്നു. ഈ വിക്കറ്റിൽ ലെഫ്റ്റ് റൈറ്റ് കോമ്പിനേഷൻ നിർണായകമാണ്. അതുകൊണ്ടാണ് റായുഡുവും റെയ്നയും അൽപ്പം വൈകിയിറങ്ങിയത്. ടീമിലെ ബാറ്റ്‌സ്മാന്മാർ എല്ലാവരും തന്നെ ഏതൊരു പൊസിഷനിലും കളിക്കാർ കഴിവുള്ളവരാണ്. ” എം എസ് ധോണി പറഞ്ഞു.

( Picture Source : Twitter / IPL )