Skip to content

ടീം അംഗങ്ങളുമായി സംസാരിക്കുന്ന ധോണിയെ പിറകിൽ നിന്ന് ആലിംഗനം ചെയ്ത് കോഹ്ലി ; സോഷ്യൽ മീഡിയയിൽ വൈറലായി ‘മഹിരാട്’

ഷാര്‍ജയില്‍ ആവേശം കത്തിനിന്ന ധോണി-കോഹ്ലി പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ഐപിഎല്‍ പതിനാലാം പതിപ്പില്‍ ഏഴാമത്തെ ജയവുമായി പോയിന്റ് ടേബിളില്‍ ഒന്നാമന്മാരായി കുതിപ്പ് തുടരുകയാണ് ധോണിപ്പട. അതേസമയം തുടർച്ചയായ രണ്ടാം പരാജയം നേരിട്ട ബാംഗ്ലൂർ പോയിന്റ് ടേബിളിൽ മൂന്നാമതാണ്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റിനാണ് ചെന്നൈ മറികടന്നത്.

തുടര്‍ച്ചയായ രണ്ടാം കളിയിലും തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന യുവതാരം റിതുരാജ് ഗെയ്ക്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്നെടുത്ത 71 റണ്‍സിന്റെ ഓപണിങ് കൂട്ടുകെട്ട് തന്നെയാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഗെയ്ക്ക്‌വാദ് 26 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്താണ് പുറത്തായത്. ഡുപ്ലെസി 26 പന്തില്‍ രണ്ടുവീതം സിക്‌സും ബൗണ്ടറിയുമായി 31 റണ്‍സുമെടുത്തു.

തുടര്‍ന്നുവന്ന മോയിന്‍ അലിയും(18 പന്തില്‍ രണ്ട് സിക്‌സ് സഹിതം 23) അമ്ബാട്ടി റായുഡുവും(22 പന്തില്‍ ഒരു സിക്‌സും മൂന്ന് ബൗണ്ടറിയു സഹിതം 32) ചെന്നൈ സ്‌കോര്‍വേഗം കൂട്ടി. ഒടുവില്‍ നായകന്‍ എംഎസ് ധോണിയും(ഒന്‍പത് പന്തില്‍ രണ്ട് ബൗണ്ടറി സഹിതം 11) സുരേഷ് റെയ്‌നയും(പത്ത് പന്തില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 17) ചേര്‍ന്നാണ് ചെന്നൈ വിജയം പൂര്‍ത്തിയാക്കിയത്.

ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റ് കൂടി അക്കൗണ്ടില്‍ ചേര്‍ത്ത് ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വേട്ടക്കാരില്‍ കുതിപ്പ് തുടരുകയാണ്. യുസ്‌വേന്ദ്ര ചഹല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മത്സരശേഷമുള്ള ധോണിയുടെയും കോഹ്ലിയുടെയും സൗഹൃദനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

https://youtu.be/GX5wfS58knc

മത്സരം വിജയിച്ച ശേഷം ടീം അംഗങ്ങള്‍ക്കും നില്‍ക്കുകയായിരുന്നു ധോണി. ആ സമയത്ത് പിന്നിലൂടെ വന്ന് ധോണിയെ കെട്ടിപിടിക്കുകയാണ് കോഹ്ലി ചെയ്തത്. കോഹ്ലി വന്ന് കെട്ടിപിടിക്കുമ്ബോള്‍ ധോണി ചിരിക്കുകയും കോഹ്ലിക്കൊപ്പം സൗഹൃദം പങ്കിടുകയും ചെയ്യുന്നുണ്ട്. കായികപ്രേമികള്‍ക്ക് എത്ര ഹൃദ്യമായ കാഴ്ചയാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടു.