Skip to content

ഈ ടീമിന്റെ ഭാഗമാകാൻ തന്നെയായിരുന്നു ആഗ്രഹം, കാരണം അദ്ദേഹം മാത്രം, വെങ്കടേഷ് അയ്യർ

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ തന്നെയായിരുന്നു തന്റെ ആഗ്രഹമെന്ന് യുവതാരം വെങ്കടേഷ് അയ്യർ അതിന് കാരണം സൗരവ് ഗാംഗുലിയായിരുന്നുവെന്നും തന്റെ ജീവിതത്തിൽ വളരെയധികം സ്വധീനം ഗാംഗുലി ചെലുത്തിയൂട്ടുണ്ടെന്നും മുംബൈ ഇന്ത്യനെതിരായ മത്സരശേഷം വെങ്കടേഷ് അയ്യർ പറഞ്ഞു .

ഐ പി എൽ പതിനാലാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തുറുപ്പുചീട്ടായിരിക്കുകയാണ് വെങ്കടേഷ് അയ്യർ. പതിനാലാം സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കൊൽക്കത്ത വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് ഈ യുവതാരം കാഴ്ച്ചവെച്ചത്. ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ 27 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം 41 റൺസ് നേടിയ താരം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 25 പന്തിൽ നിന്നും തന്റെ ആദ്യ ഐ പി എൽ ഫിഫ്റ്റി നേടുകയും ചെയ്തിരുന്നു.

( Picture Source : Twitter / IPL / BCCI )

” ഐ പി എല്ലിൽ ഞാൻ ഭാഗമാകണമെന്ന് ആഗ്രഹിച്ച ആദ്യ ഫ്രാഞ്ചൈസി കെ കെ ആർ തന്നെയായിരുന്നു കാരണം സൗരവ്‌ ഗാംഗുലിയായിരുന്നു കൊൽക്കത്തയുടെ ആദ്യ ക്യാപ്റ്റൻ. അതുകൊണ്ട് തന്നെ കൊൽക്കത്ത ടീമിലെടുത്തത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ നിമിഷമായിരുന്നു. ” വെങ്കടേഷ് അയ്യർ പറഞ്ഞു.

( Picture Source : Twitter / IPL )

“ഞാൻ ദാദയുടെ വലിയൊരു ആരാധകനാണ്. ലോകത്തെമ്പാടും മില്യൺ കണക്കിന് ആരാധകർ ദാദയ്ക്കുണ്ട്. ഞാൻ അവരിൽ ഒരാളാണ്. ദാദ എന്റെ ബാറ്റിങിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ഞാൻ വലംകൈ ബാറ്റ്‌സ്മാനായിരുന്നു, എന്നിരുന്നാലും ദാദയെ അതേപടി അനുകരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് പോലെയും സിക്സ് നേടുന്നത് പോലെയും ബൗൾ ചെയ്യുന്നത് പോലെയും. അദ്ദേഹം അറിയാതെ തന്നെ എന്റെ ജീവിതത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ” അയ്യർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL )

മുംബൈ ഇന്ത്യൻസിനെതിരായ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസിനെയും രാജസ്ഥാൻ റോയൽസിനെയും പിന്നിലാക്കി കൊൽക്കത്ത നാലാം സ്ഥാനത്തെത്തി. സീസണിലെ കൊൽക്കത്തയുടെ നാലാമത്തെ വിജയമാണിത്. സെപ്റ്റംബർ 26 ന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.

( Picture Source : Twitter / IPL )