ആരെയോ പേടിപ്പിക്കാൻ നോക്കുന്നേ! വിരട്ടാൻ നോക്കിയ പ്രസിദ് കൃഷ്ണയെ വായടപ്പിച്ച് പൊള്ളാർഡ് : വീഡിയോ

ഐപിഎല്ലില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈക്ക് രണ്ടാം പാദത്തിൽ തുടരെ രണ്ടാം തോല്‍വി. കൊല്‍ക്കത്തയോട് ഏഴ് വിക്കറ്റിനാണ് രോഹിത്തും കൂട്ടരും തോല്‍വി വഴങ്ങിയത്. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ആറാമതാണ് മുംബൈ ഇപ്പോള്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് രോഹിത്തും ഡികോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ മുംബൈക്കായില്ല. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് ആണ് മുംബൈ കണ്ടെത്തിയത്. 42 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്ത ഡികോക്ക് ടോപ് സ്‌കോറര്‍.

156 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അനായാസം ജയം പിടിച്ചു. തുടരെ രണ്ടാമത്തെ കളിയിലും വെങ്കടേഷ് അയ്യര്‍ മികവ് കാണിച്ചപ്പോള്‍ ഒപ്പം രാഹുല്‍ ത്രിപദിയും ചേര്‍ന്നു. 30 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതം വെങ്കടേഷ് അയ്യര്‍ 53 റണ്‍സ് നേടി.

അതേസമയം മത്സരത്തിനിടെ കൊൽക്കത്തയുടെ യുവ പേസർ പ്രസിദ് കൃഷ്ണയും മുംബൈ ഓൾ റൗണ്ടർ പൊള്ളാർഡും ഏറ്റുമുട്ടിയിരുന്നു. പ്രസിദ് എറിഞ്ഞ 15ആം ഓവറിലെ അവസാന പന്തിലാണ് സംഭവം. അവസാന പന്ത് നേരിട്ട പൊള്ളാർഡ് പന്തുനേരെ മുന്നിലേക്ക് ഡിഫെൻഡ് ചെയ്തു.

ഇതു പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രസിദ് കയ്യിൽ പന്തുള്ളതായി ഭാവിച്ച് പൊള്ളാർഡിനു നേരെ അതെറിയുന്നതായി ആംഗ്യം കാട്ടി. ഇതോടെ നിയന്ത്രണം നഷ്ടമായ പൊള്ളാർഡ് പ്രസിദിനോട് കയർക്കുകയായിരുന്നു.
ദേഷ്യം വന്ന പൊള്ളാർഡ് ഇതിനിടെ പ്രസിദിന് നേരെ എന്തോ പറയുകയും ചെയ്തു. എന്നാൽ തിരിച്ചൊന്നും പറയാതെയാണ് യുവതാരം മടങ്ങിയത്.  ഇതിന്റെ മറുപടിയെന്നോളം 18ആം ഓവർ ചെയ്യാൻ എത്തിയ പ്രസിദിനെ 2 ബൗണ്ടറി കടത്തിയാണ് പൊള്ളാർഡ് വരവേറ്റത്.