Skip to content

മുംബൈ ഇന്ത്യൻസിനെയും വീഴ്ത്തി കൊൽക്കത്ത, പോയിന്റ് ടേബിളിൽ നാലാമതെത്തി മോർഗനും കൂട്ടരും

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. യുവതാരം വെങ്കടേഷ് അയ്യരുടെയും രാഹുൽ ട്രിപതിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് കൊൽക്കത്ത മുബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം 15.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു.

( Picture Source : Twitter / IPL )

2019 ന് ശേഷം മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നേടുന്ന ആദ്യ വിജയം കൂടിയാണിത്. വെടിക്കെട്ട് തുടക്കമാണ് വെങ്കടേഷ് അയ്യരും ഗില്ലും കൊൽക്കത്തയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ മൂന്നോവറിനുള്ളിൽ 40 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗിൽ 13 റൺസ് നേടി പുറത്തായപ്പോൾ 25 പന്തിൽ നിന്നും തന്റെ ആദ്യ ഐ പി എൽ ഫിഫ്റ്റി നേടിയ വെങ്കടേഷ് അയ്യർ 30 പന്തിൽ 3 ഫോറും നാല് സിക്സുമടക്കം 53 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : Twitter / IPL )

മൂന്നാമനായി ക്രീസിലെത്തിയ രാഹുൽ ത്രിപാഠി 29 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കുകയും മത്സരത്തിൽ 42 പന്തിൽ 8 ഫോറും മൂന്ന് സിക്സുമടക്കം 74 റൺസ് നേടി പുറത്താകാതെ നിന്നു. ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റും നേടിയത്. എന്നാൽ നാലോവറിൽ ബുംറയ്ക്കെതിരെ 43 റൺസ് കൊൽക്കത്ത നേടി.

( Picture Source : Twitter / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് അർധസെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ഡീകോക്കിന്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. 42 പന്തിൽ 4 ഫോറും മൂന്ന് സിക്സുമടക്കം 55 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്. ആദ്യ മത്സരം നഷ്ട്ടമായ ശേഷം തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ 30 പന്തിൽ 33 റൺസും പൊള്ളാർഡ് 15 പന്തിൽ 21 റൺസും നേടി പുറത്തായി.

( Picture Source : Twitter / IPL )

കൊൽക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെർഗുസൺ നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും പ്രസീദ് കൃഷ്ണ 43 റൺസ് വഴങ്ങി രണ്ട് വിക്കറ്റും സുനിൽ നരെയ്ൻ നാലോവറിൽ 20 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി.

മത്സരത്തിലെ തകർപ്പൻ വിജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി നാലാം സ്ഥാനത്തെത്തി. സെപ്റ്റംബർ 26 ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മോർഗന്റെയും കൂട്ടരുടെയും അടുത്ത മത്സരം. സെപ്റ്റംബർ 26 ന് കോഹ്ലിയുടെ ആർ സി ബിയുമാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത പോരാട്ടം.

( Picture Source : Twitter / IPL )