Skip to content

തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

മുൻപ് വരുത്തിയ പിഴവുകളിൽ നിന്നും പഠിക്കാൻ തന്റെ ടീമിന് സാധിച്ചിട്ടില്ലയെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കവെയാണ് ടീമിന്റെ പ്രകടനത്തിൽ കെ എൽ രാഹുൽ നിരാശ പങ്കുവെച്ചത്.

( Picture Source : Twitter / IPL )

മത്സരത്തിൽ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 183 റൺസ് നേടാനെ സാധിച്ചുള്ളൂ. 120 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടും പഞ്ചാബിന് ലഭിച്ചിരുന്നു. എന്നാൽ അവസാന ഓവറുകളിൽ അവിശ്വസനീയ തിരിച്ചുവരവാണ് രാജസ്ഥാൻ റോയൽസ് നടത്തിയത്. 8 വിക്കറ്റുകൾ കയ്യിലിരിക്കെ അവസാന രണ്ടോവറിൽ 8 റൺസ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാൽ മുസ്തഫിസുർ എറിഞ്ഞ 19 ആം ഓവറിൽ 4 റൺസും കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ വെറും ഒരു റണ്ണും മാത്രമാണ് പഞ്ചാബിന് നേടാൻ സാധിച്ചത്.

( Picture Source : Twitter / IPL )

” ഇത് സഹിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്, ഇതുപോലുള്ള മത്സരങ്ങൾ മുൻപ് എക്സ്പീരിയൻസ് ചെയ്ത ടീമാണ് ഞങ്ങൾ. സമ്മർദ്ദത്തെ എങ്ങനെ കൂടുതൽ സമർഥമായി നേരിടണമെന്ന് ഞങ്ങൾ പഠിക്കേണ്ടതുണ്ട്. 18 ആം ഓവറിനുള്ളിൽ മത്സരം ഫിനിഷ് ചെയ്യാൻ ശ്രമിക്കുമ്പോൾ ചില സമയങ്ങളിൽ മത്സരത്തിലെ നിയന്ത്രണം നഷ്ടമാവുകയും എതിരാളികളെ തിരിച്ചുവരാൻ അനുവദിക്കുകയും ചെയ്യും. ”

( Picture Source : Twitter / IPL )

” മുൻപ് ചെയ്ത തെറ്റുകളിൽ നിന്നും പാഠം പഠിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. കൂടുതൽ ശക്തമായി തിരിച്ചെത്തി ഇനിയുള്ള അഞ്ച് മത്സരങ്ങളും വിജയിക്കാൻ ഞങ്ങൾ ശ്രമിക്കും. ” മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.

ഓപ്പണിങ് കൂട്ടുകെട്ടിൽ 120റൺസ് കൂട്ടിച്ചേർത്തുകൊണ്ട് മികച്ച തുടക്കമാണ് കെ എൽ രാഹുലും മായങ്ക് അഗർവാളും പഞ്ചാബിന് നൽകിയത്. രാഹുൽ 33 പന്തിൽ 49 റൺസും അഗർവാൾ 43 പന്തിൽ 67 റൺസും നേടി പുറത്തായി. തുടർന്ന് ക്രീസിലെത്തിയ നിക്കോളാസ് പൂറനും ഐയ്ഡൻ മാർക്രവും മൂന്നാം വിക്കറ്റിൽ 50 റൺസും കൂട്ടിച്ചേർത്തിരുന്നു. നിക്കോളാസ് പൂറൻ 22 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോൾ 20 പന്തിൽ 26 റൺസ് നേടിയ മാർക്രം നോൺ സ്‌ട്രൈക്കർ എൻഡിൽ പഞ്ചാബിന്റെ തോൽവിയ്ക്ക് സാക്ഷിയായി.

( Picture Source : Twitter / IPL )

കാർത്തിക് ത്യാഗി എന്ന യുവതാരത്തിന്റെ തകർപ്പൻ അവസാന ഓവറാണ് റോയൽസിന് ആവേശവിജയം സമ്മാനിച്ചത്. അവസാന ഓവറിൽ നാല് റൺസ് ഡിഫെൻഡ് ചെയ്ത ത്യാഗി ഒരു റൺ മാത്രം വഴങ്ങുകയും രണ്ട് വിക്കറ്റുകൾ നേടുകയും ചെയ്തു. ത്യാഗി തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

( Picture Source : Twitter / IPL )