Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ഐ പി എൽ ചരിത്രത്തിൽ മറ്റൊരു തരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. ഐ പി എൽ പതിനാലാം സീസണിന്റെ രണ്ടാം പകുതിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം കോഹ്ലി സ്വന്തമാക്കിയത്.

( Picture Source : Twitter / IPL )

ഐ പി എല്ലിലെ വിരാട് കോഹ്ലിയുടെ 200 ആം മത്സരമാണിത്. ഐ പി എല്ലിൽ അരങ്ങേറ്റം മുതൽ ആർ സി ബിയുടെ താരമാണ് വിരാട് കോഹ്ലി. ഇതോടെ ഐ പി എല്ലിൽ ഒരു ടീമിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കി. ആർ സി ബിയ്ക്ക് വേണ്ടി ഇതുവരെ 37.97 ശരാശരിയിൽ 6076 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്‌. 5 സെഞ്ചുറിയും 40 ഫിഫ്റ്റിയും ഐ പി എല്ലിൽ കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്.

( Picture Source : Twitter / IPL )

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 181 മത്സരങ്ങൾ കളിച്ചിട്ടുള്ള എം എസ് ധോണിയാണ് ഐ പി എല്ലിൽ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച തരങ്ങളുടെ പട്ടികയിൽ കോഹ്ലിയ്ക്ക് പുറകിലുള്ളത്. മുംബൈ ഇന്ത്യൻസിന് വേണ്ടി 172 മത്സരങ്ങൾ കളിച്ചിട്ടുള്ള കീറോൺ പൊള്ളാർഡ്, ചെന്നൈയ്ക്ക് വേണ്ടി 171 മത്സരങ്ങൾ കളിച്ചിട്ടുള്ള സുരേഷ് റെയ്‌ന എന്നിവരാണ് ഈ പട്ടികയിൽ കോഹ്ലിയ്ക്കും ധോണിയ്ക്കും പുറകിലുള്ളത്.

( Picture Source : Twitter / IPL )

ഐ പി എല്ലിൽ 200 മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ താരമാണ് വിരാട് കോഹ്ലി. 212 മത്സരങ്ങൾ കളിച്ചിട്ടുള്ള എം ഈ ധോണി, 207 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് ശർമ്മ, 203 മത്സരങ്ങൾ കളിച്ചിട്ടുള്ള ദിനേശ് കാർത്തിക്, 201 മത്സരങ്ങൾ കളിച്ചിട്ടുള്ള സുരേഷ് റെയ്‌ന എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / IPL )

വിരാട് കോഹ്ലിയെ സംബന്ധിച്ച് വികാരപരമായ സീസൺ കൂടിയാണിത്. ആർ സി ബി ക്യാപ്റ്റനായുള്ള തന്റെ അവസാന ഐ പി എല്ലായിരിക്കും ഇതെന്ന് ആദ്യ മത്സരത്തിന് മുൻപ് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ഇതുവരെയും ഐ പി എൽ കിരീടം നേടാനാകാത്ത കോഹ്ലി ഈ സീസണോടെ ആ കുറവ് പരിഹരിച്ച് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

( Picture Source : Twitter / IPL )