Skip to content

ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ

ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ. ആർ സി ബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ഐ പി എൽ സീസണിന് ശേഷം ആർ സി ബിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന് വിരാട് കോഹ്ലി പ്രഖ്യാപിച്ചത്.

( Picture Source : IPL )

ഇതിന് ഒന്നുരണ്ട് ദിവസം മുൻപായിരുന്ന യു എ ഇയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. കോഹ്ലിയുടെ ഈ തീരുമാനങ്ങൾ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന്റെ ഭാഗമായാകാമെന്നും ചുമതലകൾ ഒഴിയാനുള്ള ഈ തീരുമാനം ബാറ്റിങിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കോഹ്ലിയെ സഹായിക്കുമെന്നും സ്റ്റെയ്ൻ കൂട്ടിച്ചേർത്തു.

( Picture Source : IPL )

” അവന്റെ ക്യാപ്റ്റൻസിയ്ക്കെതിരെ യാതൊരു ചോദ്യങ്ങളുമില്ല. അവനൊരു അസാമാന്യ നായകനാണ്, അവന്റെ വ്യക്തിഗത നേട്ടങ്ങളിൽ അത് വ്യക്തമാണ്. അതുകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവൻ തന്നെയാണ്, ലോകകപ്പ് അടുത്തതിനാൽ ഒരുപക്ഷേ ഇതൊരു നല്ല തീരുമാനമായിരിക്കാം. ഐ പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലും ടി20 ലോകകപ്പിലും ഏറ്റവും മികച്ച കോഹ്ലിയെ നമുക്ക് കാണാൻ സാധിച്ചേക്കും. ” ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു.

( Picture Source : IPL )

തന്റെ അവസാന ഐ പി എൽ മത്സരം വരെ ആർ സി ബിയ്ക്ക് വേണ്ടി മാത്രമായിരിക്കും കളിക്കുകയെന്ന് കോഹ്ലി വ്യക്തമാക്കിയെങ്കിലും മറ്റൊരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കോഹ്ലി കളിക്കുവനുള്ള സാധ്യതകൾ തള്ളികളയാൻ സാധിക്കില്ലയെന്നും സ്റ്റെയ്ൻ പറഞ്ഞു.

” നിങ്ങൾ എത്രത്തോളം മികച്ച പ്ലേയർ ആയിരുന്നാലും ഒരുപക്ഷേ നിങ്ങൾക്ക് ആ ടീം വിടേണ്ടിവന്നേക്കാം. ക്രിസ് ഗെയ്ൽ ആർ സി ബി വിടുന്നത് നമ്മൾ കണ്ടതാണ്, എന്നാൽ ഗെയ്ൽ ഒരു ഇന്ത്യൻ ഇതിഹാസം ആയിരുന്നില്ല. ഡേവിഡ് ബെക്കാം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മറ്റുടീമുകൾക്ക് വേണ്ടി കളിക്കേണ്ടിവന്നു, അടുത്തിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. കോഹ്ലിയുടെ സ്വന്തം നാട് ഡൽഹിയാണ്, ഒരുപക്ഷേ അവൻ ഡൽഹി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിക്കുകയില്ലെന്ന് പറയാനാകില്ല. ” സ്റ്റെയ്ൻ കൂട്ടിച്ചേർത്തു.

( Picture Source : IPL )