Skip to content

കോഹ്ലി ലക്ഷ്യം വെയ്ക്കുന്നത് സച്ചിന്റെ റെക്കോർഡ്, ക്യാപ്റ്റൻസി ഒഴിയുന്നത് ലക്ഷ്യത്തിലെത്താൻ കൂടുതൽ സഹായിക്കും, മുൻ ഓസ്‌ട്രേലിയൻ താരം

ഇന്ത്യൻ ടി20 ടീമിന്റെയും ഐ പി എല്ലിൽ ആർ സി ബിയുടെയും ക്യാപ്റ്റൻസി ഒഴിയുന്നതിലൂടെ വിരാട് കോഹ്ലി ലക്ഷ്യം വെക്കുന്നത് സച്ചിന്റെ വമ്പൻ റെക്കോർഡാണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ക്യാപ്റ്റൻസി ഒഴിയുന്നതിലൂടെ കോഹ്ലി ഈ ലക്ഷ്യത്തിലെത്താനുള്ള സാധ്യതകൾ വർധിക്കുമെന്നും ബ്രാഡ് ഹോഗ് അഭിപ്രായപെട്ടു.

( Picture Source : Twitter / BCCI )

ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച കോഹ്ലി ഇന്നലെ ഇത് ആർ സി ബി ക്യാപ്റ്റനായുള്ള തന്റെ അവസാന ഐ പി എല്ലാണെന്നും പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെങ്കിലും പ്ലേയറായി അന്താരാഷ്ട്ര ടി20യിലും ഐ പി എല്ലിലും കോഹ്ലി തുടരും.

( Picture Source : Twitter / BCCI )

” അന്താരാഷ്ട്ര തലത്തിൽ ടി20 ക്യാപ്റ്റൻസിയിൽ നിന്നും ഐ പി എല്ലിൽ ആർ സി ബി ക്യാപ്റ്റൻസിയും അവൻ ഒഴിയുകയാണ്. ഇത് വലിയൊരു ചിത്രമാണ് കാണിക്കുന്നത്. അവൻ ലോങർ ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധചെലുത്തുവാൻ പോകുന്നു. ടെസ്റ്റിലും ഏകദിനത്തിലും അവൻ ഇന്ത്യയെ നയിക്കാൻ ആഗ്രഹിക്കുന്നു. അതിലുപരി ഒരു റെക്കോർഡ് അവൻ ലക്ഷ്യം വെയ്ക്കുന്നുണ്ട്, സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറിയെന്ന വമ്പൻ റെക്കോർഡ്. ” ബ്രാഡ് ഹോഗ് പറഞ്ഞു.

( Picture Source : Twitter / BCCI )

” ഏകദിനത്തിൽ സച്ചിനൊപ്പം ഏറെക്കുറെ ഒപ്പമെത്താൻ അവന് സാധിച്ചിട്ടുണ്ട്. നിലവിൽ ഏകദിനത്തിൽ 43 സെഞ്ചുറി അവൻ നേടിയിട്ടുണ്ട്‌. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ 27 സെഞ്ചുറി മാത്രമാണ് അവൻ നേടിയിട്ടുള്ളത്. ടെസ്റ്റിൽ 200 മത്സരങ്ങളിൽ നിന്നും 51 സെഞ്ചുറി സച്ചിൻ നേടിയിട്ടുണ്ട്‌. ടെസ്റ്റിൽ കൂടുതൽ ശ്രദ്ധകൊടുത്ത് സച്ചിന്റെ 50 സെഞ്ചുറിയ്ക്ക് ഒപ്പമെത്താൻ കോഹ്ലി ആഗ്രഹിക്കുന്നുണ്ട്. ടെസ്റ്റിലും എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാകാൻ അവൻ ആഗ്രഹിക്കുന്നു, അതിലേക്കാണ് അവന്റെ യാത്ര.” ബ്രാഡ് ഹോഗ് പറഞ്ഞു.

( Picture Source : Twitter / BCCI )

491 മത്സരങ്ങളിൽ 71 സെഞ്ചുറി നേടിയിട്ടുള്ള കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ 100 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർക്കും 71 സെഞ്ചുറി നേടിയ റിക്കി പോണ്ടിങിനും പുറകിൽ മൂന്നാം സ്ഥാനത്താണുള്ളത്. ഏകദിന ക്രിക്കറ്റിൽ 245 മത്സരങ്ങളിൽ നിന്നും 43 സെഞ്ചുറി നേടിയിട്ടുള്ള കോഹ്ലി ടെസ്റ്റിൽ 96 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 27 സെഞ്ചുറി നേടിയിട്ടുണ്ട്‌.

( Picture Source : Twitter / BCCI )