ഇങ്ങനെയൊരു സമയത്ത് ആ പ്രഖ്യാപനം നടത്തണമായിരുന്നോ?! കോഹ്ലിയുടെ തീരുമാനത്തെ ചോദ്യ ചെയ്ത് ഗംഭീർ

ക്രിക്കറ്റ് ആരാധകരെ വീണ്ടും ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യൻ താരവും ആർസിബി ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി ഈ സീസൺ കഴിഞ്ഞാൽ ക്യാപ്റ്റൻ ഒഴിയുമെന്ന് പ്രഖ്യാപിച്ചത്.  ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ടി20 ലോകകപ്പോടെ മാറുമെന്ന് വിരാട് കോഹ്‌ലി പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകം ഞെടുക്കത്തോടെയാണ് ആ വാർത്ത കേട്ടത്.

ഐപിഎല്‍ രണ്ടാം ഘട്ട പോരാട്ടത്തിന് യുഎഇയില്‍ ഇന്നലെ തുടക്കമായതിന് പിന്നാലെയാണ് കോഹ്‌ലി ആരാധകരെ തീരുമാനം അറിയിച്ചത്. ഈ സീസണിലെ ഐപിഎല്‍ പോരാട്ടത്തിന് തിരശ്ശീല വീണാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനവും താന്‍ ഒഴിയുമെന്നാണ് കോഹ്‌ലിയുടെ പ്രഖ്യാപനം.

‘ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ ഇതായിരിക്കും എന്റെ അവസാന ഐപിഎല്‍. പക്ഷേ, ഐപിഎലിലെ എന്റെ അവസാന മത്സരം വരെ ആര്‍സിബി കളിക്കാരനായി തുടരും. എന്നില്‍ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത ആര്‍സിബി ആരാധകര്‍ക്ക് നന്ദി’- ആര്‍സിബി ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട വീഡിയോയില്‍ കോഹ്‌ലി പറയുന്നു.

ഇപ്പോഴിതാ കോഹ്‌ലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗംഭീർ രംഗത്തെത്തിയിരിക്കുകയാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന് പ്രഖ്യാപിക്കാൻ തിരഞ്ഞെടുത്ത സമയമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ആ പ്രഖ്യാപനം നടത്തമായിരുന്നുവെന്നാണ് ഗംഭീറിന്റെ അഭിപ്രായം.

” ടൂർണമെന്റിന്റെ രണ്ടാം പാദത്തിന് തൊട്ടുമുമ്പ് കോഹ്ലി ഈ പ്രഖ്യാപനം നടത്തിയത് എന്നെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിന് സീസൺ കഴിഞ്ഞതിന് ശേഷം അത് പ്രഖ്യാപിക്കാമായിരുന്നു. കാരണം കോഹ്‌ലിയുടെ ഈ പ്രഖ്യാപനം ടീമിനെ ഇളക്കി മറിക്കും, വികാരപരമായും. ടീമിന്റെ നിലവിലെ സാഹചര്യത്തിൽ അതൊരു നല്ല കാര്യമല്ല. ആർസിബി താരങ്ങളുടെ മേൽ സമ്മർദ്ദമുണ്ടാകും. ” ഗംഭീർ പറഞ്ഞു.

“ഈ സീസണിൽ ബാംഗ്ലൂർ മികച്ച സ്ഥാനത്താണ്. ഈ സമയത്ത് എന്തിനാണ് അധിക സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നത്, ഒരുപക്ഷേ  വിരാടിനായി കപ്പ് നേടാൻ അത് അവരെ പ്രേരിപ്പിക്കും.  വ്യക്തികൾക്കായി കപ്പ് നേടുന്നതിനോട് യോജിക്കുന്നില്ല, ഫ്രാഞ്ചൈസിക്ക് വേണ്ടി നിങ്ങൾ അത് നേടാനാണ് ആഗ്രഹിക്കേണ്ടത്.  ” ഗംഭീർ കൂട്ടിച്ചേർത്തു