ക്യാപ്റ്റൻസി ഒഴിയാനുള്ള ശരിയായ സമയം ഇതല്ല, കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

ഐ പി എൽ പതിനാലാം സീസണിന് ശേഷം ആർ സി ബി ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം ഈ സീസണിലെ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത്തരത്തിലൊരു തീരുമാനം വെളിപ്പെടുത്താനുള്ള ശരിയായ സമയം ഇതല്ലയെന്നും ടൂർണമെന്റിന് ശേഷമാണ് കോഹ്ലി ഇക്കാര്യം പറയേണ്ടിയിരുന്നതെന്നും ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter / IPL )

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന തീരുമാനം കോഹ്ലി ആരാധകരുമായി പങ്കുവെച്ചത്. ഇത് ആർ സി ബി ക്യാപ്റ്റനായുള്ള തൻ്റെ അവസാന ഐ പി എൽ ആയിരിക്കുമെന്നും ഐ പി എല്ലിലെ അവസാന മത്സരം ആർ സി ബി പ്ലേയറായി തുടരാനാണ് തന്റെ ആഗ്രഹമെന്നും കോഹ്ലി പറഞ്ഞു.

( Picture Source : Twitter / IPL )

” ഈ തീരുമാനമെടുത്ത സമയം എന്നെ അത്ഭുതപെടുത്തുന്നു. ടൂർണമെന്റിന്റെ രണ്ടാം പകുതിയ്ക്ക് തൊട്ടുമുൻപാണ് അവൻ ഈ തീരുമാനം വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെങ്കിൽ അത് ടൂർണമെന്റ് അവസാനിച്ചതിന് ശേഷമാണ് ചെയ്യേണ്ടത്. കാരണം ഈ തീരുമാനം ടീമിനെ അസ്വസ്ഥരാക്കുകയും വികാരഭരിതരാക്കുകയും ചെയ്യും. ” ഗംഭീർ പറഞ്ഞു.

” കൂടാതെ ഈ തീരുമാനം ടീമിലെ കളിക്കാരെ പരിധിയിൽ കവിഞ്ഞ പ്രകടനം പുറത്തെടുക്കാൻ പ്രേരിപ്പിച്ചേക്കാം. അത് നിങ്ങൾ ചെയ്യേണ്ടതില്ല, കാരണം അത്തരത്തിലുള്ള പൊസിഷനിലാണ് ഇപ്പോൾ ആർ സി ബിയുള്ളത്. മികച്ച പൊസിഷനിലാണ് അവരിപ്പോൾ, പിന്നെന്തിനാണ് കളിക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത്. കോഹ്ലിയ്ക്ക് വേണ്ടിയായിരിക്കാം അവരിത് ചെയ്യുന്നത്, എന്നാൽ വ്യക്തികൾക്ക് വേണ്ടി നിങ്ങളത് ചെയ്യേണ്ടതില്ല, കിരീടം നെടേണ്ടത് ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിയണം എന്നുണ്ടായിരുന്നുവെങ്കിൽ അവനത് ടൂർണമെന്റ് അവസാനിച്ചതിന് ശേഷമാണ് ചെയ്യേണ്ടിയിരുന്നത്. ” ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL )

” വിരമിക്കുന്നതും ഒഴിയുന്നതും വ്യക്തിപരമായ രണ്ട് തീരുമാനങ്ങളാണ്. ആരും ആരെയും അതിൽ നിർബന്ധിക്കരുത്. അവൻ ധീരമായ തീരുമാനമാണ് എടുത്തിരിക്കുന്നത് എന്നാലത് വികാരപരമായി മാറും. ഒരിക്കലും ഇത് എളുപ്പമാവില്ല. കളിക്കാരും ഫ്രാഞ്ചൈസിയും ഇമോഷണൽ ആകില്ലയെന്നും ഈ സീസണിൽ കളിച്ചിരുന്നതെങ്ങനെയാണോ അതവർ തുടരുമെന്നും പ്രതീക്ഷിക്കാം. ” ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL )