ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം പകുതിയിലെ ആദ്യ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 20 റൺസിന് പരാജയപെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 136 റൺസ് നേടാനെ സാധിച്ചുള്ളൂ.

40 പന്തിൽ 50 റൺസ് നേടിയ സൗരബ് തിവാരി മാത്രമാണ് റൺചേസിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ദീപക് ചഹാർ നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡ്, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം ഋതുരാജ് ഗയ്ഗ്വാദിന്റെ ഒറ്റയാൾ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. ഒരു ഘട്ടത്തിൽ 24 റൺസിന് നാല് വിക്കറ്റ് നഷ്ട്ടപെട്ട ശേഷമാണ് ചെന്നൈ മത്സരത്തിൽ തിരിച്ചെത്തിയത്. 41 പന്തിൽ ഫിഫ്റ്റി നേടിയ ഗയ്ഗ്വാദ് 58 പന്തിൽ 9 ഫോറും നാല് സിക്സുമടക്കം 88 റൺസ് നേടി പുറത്താകാതെ നിന്നു.

26 റൺസ് നേടിയ രവീന്ദ്ര ജഡേജയും 8 പന്തിൽ 23 റൺസ് നേടിയ ഡ്വെയ്ൻ ബ്രാവോയും ഗയ്ഗ്വാദിന് മികച്ച പിന്തുണ നൽകി. അവസാന പത്തോവറിൽ മാത്രം 112 റൺസാണ് ചെന്നൈ സൂപ്പർ കിങ്‌സ് അടിച്ചുകൂട്ടിയത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി ട്രെൻഡ് ബോൾട്ട്, ആഡം മിൽനെ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
വിജയത്തോടെ പോയിന്റ് ടേബിളിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്നിലാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആറാം വിജയമാണിത്.
