Skip to content

ടെസ്റ്റ് പരമ്പരയിൽ അവസരം നൽകാത്തതുകൊണ്ടല്ല അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്, ഗാവസ്‌കറെ തള്ളി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിക്കാത്തതുകൊണ്ടല്ല സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്ന് മുൻ ഇന്ത്യൻ താരം സാബാ കരിം. ലോക രണ്ടാം നമ്പർ ടെസ്റ്റ് ബൗളർ ആയിരുന്നിട്ടും ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളിലും രവിചന്ദ്രൻ അശ്വിന് പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല. പരമ്പരയിലെ അഞ്ചാം മത്സരമാകട്ടെ കോവിഡ് മൂലം റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് ലോകകപ്പ് ടീമിൽ താരത്തെ ഉൾപെടുത്തിയപ്പോൾ ഗാവസ്‌കർ അടക്കമുള്ള മുൻ താരങ്ങൾ ടെസ്റ്റിൽ അവസരം നൽകാതിരുന്നതിനാലാണ് അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതെന്ന് അഭിപ്രായപെട്ടിരുന്നു.

( Picture Source : Twitter )

” ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ അവസരം നൽകാതിരുന്നതിന്റെ സമാശ്വാസത്തിനായല്ല അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. കാരണം ടീം സെലക്ഷൻ ഒരിക്കലും അത്തരത്തിലല്ല നടക്കുന്നത്.” സാബാ കരിം പറഞ്ഞു.

” വാഷിങ്ടൺ സുന്ദറിന് പരിക്ക് പറ്റി, പിന്നീട് ശേഷിച്ച ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്. ജലജ് സക്സേനയും ജയന്ത് യാദവുമാണ് പിന്നീടുണ്ടായിരുന്ന ഓപ്ഷനുകൾ. എന്നാൽ ടി20യിൽ വിക്കറ്റ് നേടാനുള്ള കഴിവും ഇക്കോണമിയും നോക്കിയാൽ അവർക്ക് അശ്വിനൊപ്പം നിൽക്കാൻ സാധിക്കില്ല. ”

( Picture Source : Twitter )

” അശ്വിൻ പ്ലേയിങ് ഇലവനിൽ ഇടം നേടുമെന്നാണ് ഞാനും കരുതുന്നത്. എന്നാൽ അത് എതിർടീം ഏതാണെന്ന് ആശ്രയിച്ചിരിക്കും. പ്ലേയിങ് ഇലവനിലെ മൂന്ന് വ്യത്യസ്ത സ്പിന്നർമാരുടെ കോമ്പിനേഷൻ ഇന്ത്യയ്ക്ക് ഗുണകരമാകും. ” സാബാ കരിം കൂട്ടിച്ചേർത്തു.

( Picture Source : Twitter )

2017 ൽ വെസ്റ്റിൻഡീസിനെതിരെയാണ് രവിചന്ദ്രൻ അശ്വിൻ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടി20 മത്സരം കളിച്ചത്. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി 46 മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ 52 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌. ഐ പി എല്ലിലും തകർപ്പൻ പ്രകടനമാണ് അശ്വിൻ കാഴ്ച്ചവെയ്ക്കുന്നത്.

( Picture Source : Twitter )

അശ്വിനെ കൂടാതെ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, രാഹുൽ ചഹാർ, വരുൺ ചക്രവർത്തി എന്നിവരാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ മറ്റു സ്പിന്നർമാർ. ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവരടക്കം മൂന്ന് പേസർമാരെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

( Picture Source : Twitter )