Skip to content

മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതോടെ ടെസ്റ്റ് പരമ്പര അവസാനിച്ചുവെന്നും ഇനി അടുത്ത വർഷം ടെസ്റ്റ് നടന്നാലും അത് പരമ്പരയുടെ തുടർച്ചയാകില്ലയെന്നും ഗാംഗുലി പറഞ്ഞു.

( Picture Source : Twitter / BCCI )

” ഓൾഡ് ട്രാഫോർഡ് മാച്ച് റദ്ദാക്കി, വലിയ നഷ്ട്ടം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനുണ്ടാകും, എന്നാൽ അത് ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. റദ്ദാക്കിയ മത്സരം അടുത്ത വർഷം നടന്നാലും അത് ഈ പരമ്പരയുടെ തുടർച്ചയാകില്ല. അത് ഒരൊറ്റ മത്സരമായിട്ടായിരിക്കും നടത്തുക. ” ഗാംഗുലി പറഞ്ഞു.

” കളിക്കാർ കളിക്കാൻ വിസമ്മതിച്ചു. എന്നാൽ നിങ്ങൾക്കവരെ കുറ്റപെടുത്താൻ സാധിക്കില്ല. ഫിസിയോ യോഗേഷ് കുമാർ കളിക്കാരുമായി അത്രയും അടുത്ത് പെരുമാറിയിരുന്നു. മറ്റൊരു ഫിസിയോ ആയിരുന്ന നിതിൻ പട്ടേൽ ഐസൊലേഷനിൽ ആയിരുന്നതിനാൽ യോഗേഷ് കുമാർ കോവിഡ് ടെസ്റ്റിന് ശേഷവും താരങ്ങളുമായി ഇടപഴകേണ്ടിവന്നു. അവർ അവർക്ക് മസാജടക്കം ചെയ്തിരുന്നു. ”

( Picture Source : Twitter / BCCI )

” യോഗേഷ് കുമാർ പോസിറ്റീവായെന്ന് അറിഞ്ഞതോടെ കളിക്കാർ പരിഭ്രാന്തരായി. വൈറസ് അവരെയും ബാധിച്ചിട്ടുണ്ടാകാമെന്ന് അവർ ഭയപ്പെട്ടു. ബയോ ബബിളിൽ കഴിയുകയെന്നത് എളുപ്പമല്ല. തീർച്ചയായും നിങ്ങൾ അവരുടെ അഭിപ്രായത്തെ മാനിക്കേണ്ടതുണ്ട്. ” ഗാംഗുലി കൂട്ടിച്ചേർത്തു.

പരമ്പരയിൽ നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1 ന് മുന്നിലാണ്. എന്നാൽ അവസാന ടെസ്റ്റ് റദ്ദാക്കിയതിനാൽ അന്തിമഫലം എങ്ങനെയായിരിക്കുമെന്ന് ഐസിസിയായിരിക്കും തീരുമാനിക്കുക. താരങ്ങളിൽ പിന്മാറിയതുകൊണ്ടാണ് അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതെങ്കിൽ പരമ്പര 2-2 എന്ന നിലയിൽ ഇംഗ്ലണ്ടിന് അനുകൂലമായിട്ടായിരിക്കും അവസാനിക്കുക.

( Picture Source : Twitter / BCCI )

നാല് മത്സരങ്ങളിൽ നിന്നും 94.00 ശരാശരിയിൽ 564 റൺസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. 52.57 ശരാശരിയിൽ 368 റൺസ് നേടിയ രോഹിത് ശർമ്മയാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ റൺസ് നേടിയത്. 21 വിക്കറ്റ് നേടിയ ഒല്ലി റോബിൻസനും 18 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്.

( Picture Source : Twitter / BCCI )