അത് രഹാനെയുടെ അവസാന ഇന്നിങ്സ് ആയിരിക്കാം, രഹാനെയ്ക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം
ഇന്ത്യൻ ടീമിന് വേണ്ടിയുള്ള തന്റെ അവസാന ഇന്നിങ്സ് അജിങ്ക്യ രഹാനെ കളിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെയ്ക്ക് സ്ഥിരത പുലർത്തുവാൻ സാധിക്കുന്നില്ലയെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” അത് രഹാനെയുടെ അവസാന ഇന്നിങ്സാണെന്നാണ് ഞാൻ കരുതുന്നത്. 2016 ൽ അവൻ ഏറ്റവും ഉയർന്ന ഫോമിലായിരുന്നപ്പോൾ ആവറേജ് 51.4 ആയിരുന്നു, ഇപ്പോഴത് 39 ആയിരിക്കുന്നു. അവന്റെ ഫോം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” സ്ഥിരതയില്ല എന്നത് തന്നെയാണ് അതിന്റെ അർത്ഥം. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്ഥിരതയില്ലാത്ത കളിക്കാരനെതിരെ ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. ടെക്നിക്കൽ പിഴവുകളാണ് അവനിൽ കാണാൻ സാധിക്കുന്നത്.പുജാരയുടെ പോലെ, ഒരു വലിയ സ്കോർ നേടിയാൽ മാത്രമേ രഹാനെ നേരിടുന്ന ഈ വിമർശനങ്ങൾ അല്പമെങ്കിലും ഇല്ലാതാകൂ, മറിച്ചെന്ത് ചെയ്താലും അതിന് മാറ്റമുണ്ടാകാൻ പോകുന്നില്ല, കാരണം ആളുകൾ സംസാരിക്കുന്നത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെ പറ്റിയാണ്. ” പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നും 15.57 ശരാശരിയിൽ 109 റൺസ് നേടാൻ മാത്രമാണ് രഹാനെയ്ക്ക് സാധിച്ചത്. ഓസ്‌ട്രേലിയൻ പര്യടനത്തിൽ മെൽബണിൽ നേടിയ സെഞ്ചുറി ഒഴിച്ചുനിർത്തിയാൽ ഇന്ത്യയ്ക്ക് വേണ്ടി മികവ് പുറത്തെടുക്കാൻ രഹാനെയ്ക്ക് സാധിച്ചിട്ടില്ല. 2020 ന് ശേഷം ടെസ്റ്റിൽ 26 ഇന്നിങ്സിൽ നിന്നും 25.8 ശരാശരിയിൽ 644 റൺസ് മാത്രമാണ് രഹാനെ നേടിയിട്ടുള്ളത്.
ടെസ്റ്റ് റാങ്കിങിൽ 2020 ന് മുൻപ് ആദ്യ പത്തിൽ ഉണ്ടായിരുന്ന രഹാനെ മോശം ഫോമോടെ ആദ്യ 20 ൽ നിന്നും പിന്തളളപെട്ടിരുന്നു. നിലവിൽ ടെസ്റ്റ് റാങ്കിങിൽ 22 ആം സ്ഥാനത്താണ് രഹാനെ.
