ഗാബയ്ക്ക് പുറകെ ഓവലിലും ചരിത്രവിജയം കുറിച്ച് ഇന്ത്യ, 50 വർഷങ്ങൾക്ക് ശേഷം ഇതാദ്യം
ഗാബയിലെയും ലോർഡ്സിലെയും ചരിത്രവിജയങ്ങൾക്ക് പുറകെ ഓവലിലും ചരിത്രവിജയം കുറിച്ച് ഇന്ത്യൻ ടീം. 157 റൺസിന്റെ തകർപ്പൻ വിജയമാണ് ഓവലിൽ ഇന്ത്യ നേടിയത്. നീണ്ട 50 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓവലിൽ ഇന്ത്യ ടെസ്റ്റ് വിജയം നേടുന്നത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 368 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 210 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ഇതിനുമുൻപ് 1971 ഓഗസ്റ്റിലാണ് ഓവലിൽ ഇന്ത്യ ടെസ്റ്റ് വിജയം നേടിയത്. അതിന് ശേഷം ഓവലിൽ നടന്ന 5 ടെസ്റ്റ് മത്സരങ്ങളിൽ മൂന്നിലും വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. ഇപ്പോഴിതാ നീണ്ട 50 വർഷങ്ങൾക്ക് ശേഷം ഓവലിൽ വിജയം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ.
വീഡിയോ ;
THEY’VE DONE IT! ❤️🔥
— Sony Sports Network (@SonySportsNetwk) September 6, 2021
A historic win at the Oval by 157 runs!
INDIAAAAA, INDIAAAAA 🇮🇳🇮🇳🇮🇳
Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm ) now! 📺#ENGvINDOnlyOnSonyTen #BackOurBoys #Shardul #Rohit #Bumrah #Root pic.twitter.com/TAyYTzqxH9
നേരത്തെ ഓസ്ട്രേലിയയുടെ തട്ടകമായ ബ്രിസ്ബനിലെ ഗാബയിൽ 32 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് വിജയം നേടുന്ന ആദ്യ ടീമായി മാറിയ ഇന്ത്യ ലോർഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം നേടിയിരുന്നു.

നേരത്തെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഒരു ഇന്നിങ്സിനും 76 റൺസിനും പരാജയപെട്ട ശേഷമാണ് ഇന്ത്യ ഈ മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയത്. ആദ്യ ഇന്നിങ്സിൽ 191 റൺസിന് പുറത്തായ ഇന്ത്യ 99 റൺസിന്റെ ലീഡും വഴങ്ങിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറി മികവിലും ചേതേശ്വർ പുജാര, ഷാർദുൽ താക്കൂർ, റിഷഭ് പന്ത് എന്നിവരുടെ അർധസെഞ്ചുറി മികവലും 466 റൺസ് നേടിയ ഇന്ത്യ 368 റൺസിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ ഉയർത്തുകയും ചെയ്തു.

സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പരയിൽ മുൻപിലെത്തി. സെപ്റ്റംബർ 10 ന് മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ അവസാന മത്സരം. മത്സരത്തിൽ സമനില നേടിയാലും പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
