Skip to content

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ടെസ്റ്റിൽ കോഹ്ലിപ്പടയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഓവലിൽ നടന്ന മത്സരത്തിൽ 157 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 368 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 210 റൺസ് നേടാനെ സാധിച്ചുള്ളൂ

( Picture Source : Twitter / BCCI )

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് റോറി ബേൺസും ഹസീബ് ഹമീദും ചേർന്ന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഈ തുടക്കം മുതലാക്കാൻ മറ്റു ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ല. റോറി ബേൺസ് 50 റൺസും ഹസീബ് ഹമീദ് 63 റൺസും നേടിയാണ് പുറത്തായത്. 78 പന്തിൽ 36 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടാണ് ഇരുവരെയും കൂടാതെ ഇംഗ്ലണ്ട് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

( Picture Source : Twitter / BCCI )

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും , ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെ മികവിലാണ് ഇന്ത്യ 466 റൺസ് നേടുകയും 368 റൺസിന്റെ വമ്പൻ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുൻപിൽ ഉയർത്തുകയും ചെയ്തത്. 256 പന്തിൽ 127 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ചേതേശ്വർ പുജാര 61 റൺസും ഷാർദുൽ താക്കൂർ 72 പന്തിൽ 60 റൺസും റിഷഭ് പന്ത്‌ 50 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 44 റൺസും നേടി.

( Picture Source : Twitter / BCCI )

ആദ്യ ഇന്നിങ്സിൽ 191 റൺസിന് ഇന്ത്യയെ പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങിൽ 290 റൺസ് നേടുകയും 99 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. 81 റൺസ് നേടിയ ഒല്ലി പോപ്പും, 50 റൺസ് നേടിയ ക്രിസ് വോക്‌സുമാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

36 പന്തിൽ 57 റൺസ് നേടിയ ഷാർദുൽ താക്കൂറും 96 പന്തിൽ 50 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1 ന് മുൻപിലെത്തി. സെപ്റ്റംബർ 10 ന് മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ അവസാന മത്സരം.

( Picture Source : Twitter / BCCI )